
മുംബൈ: മാസ്ക് ധരിച്ച് തെരുവിൽ വടി ചുഴറ്റി അഭ്യാസ പ്രകടനം നടത്തിയ വയോധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടിയായിരുന്നു ശാന്താഭായി പവാർ എന്ന 85കാരി തെരുവിൽ അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ 'ആജി മാ'യെ തേടി നിരവധി അഭിനന്ദനങ്ങളുമെത്തി. ബോളിവുഡ് താരം സോനു സൂദും അക്കൂട്ടത്തിൽ ഒരു സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം.
രാജ്യത്തിലെ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ മാർഗങ്ങൾ പരിശീലിക്കാൻ ട്രെയിനിങ് സ്കൂളാണ് സോനു ഒരുക്കിയിരിക്കുന്നത്. ശാന്താഭായിയെ കാണാൻ ആഗ്രഹമുണ്ടെന്നും അവർക്കായി ഒരു പരീശീലന സ്കൂൾ തുറക്കാൻ താൽപര്യമുണ്ടെന്നും സോനു നേരത്തെ അറിയിച്ചിരുന്നു. വിനായക ചതുർത്ഥി ദിനത്തിലാണ് സോനു, ശാന്താഭായിക്ക് ട്രെയിനിങ് സ്കൂൾ ഒരുക്കിയത്.
പെൺകുട്ടികളെയും ചെറിയ കുട്ടികളെയും ആയോധനകല പഠിപ്പിക്കുകയാണ് ഈ സ്കൂളിന്റെ ലക്ഷ്യം. സോനുവിനോട് ഉള്ള നന്ദി സൂചകമായി സ്കൂളിനും സോനുവിന്റെ പേരു തന്നെയാണ് മുത്തശ്ശി നൽകിയിരിക്കുന്നത്. എത്രയും വേഗം സ്കൂൾ സന്ദർശിക്കാൻ സോനു എത്തുമെന്ന് പറഞ്ഞുവെന്ന് ശാന്താഭായി പറയുന്നു.
ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ് നടത്താൻ ഉദ്ദേശിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി ഇതിനകം മുപ്പതോളം പേർ ശാന്താഭായിയുടെ ശിഷ്യത്വം തേടിയെത്തി. ഇത്തരത്തിലുള്ള കഴിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തേണ്ടതു കൊണ്ടാണ് താൻ സ്കൂൾ ഒരുക്കാൻ തീരുമാനിച്ചതെന്ന് സോനു സൂദ് പറയുന്നു. ശാന്താഭായിക്ക് ഈ പ്രായത്തിലും ഒരുപാടു പേരെ പ്രചോദിപ്പിക്കാൻ കഴിയുമെന്നും താരം പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് ശാന്താഭായ്. വീഡിയോ വൈറലായതിനെ തുടർന്ന് നിരവധി പേർ ശാന്താ ഭായിക്ക് സഹായവുമായി എത്തിയിരുന്നു. ബോളിവുഡ് നടൻ റിതേഷ് ദേശമുഖ് ആണ് 'വാരിയർ ആജി' എന്ന് പേരിട്ട് ഇവരുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ