
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫീനിക്സ് എന്ന പേര് നൽകിയിരിക്കുന്ന ചിത്രം ജൂലൈ 4ന് തിയറ്ററുകളിൽ എത്തും. പ്രശസ്‍ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സൂര്യയുടെ ഫീനിക്സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
തീവ്രമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം എ. കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാൻ ലക്ഷ്യമിട്ട് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മികച്ച സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ.കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് പ്രവർത്തകർ.
'എയ്‌സ്' എന്ന സിനിമയാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. മെയ് 23ന് ആയിരുന്നു റിലീസ്. എന്നാല്‍ തിയറ്ററുകളില്‍ ചിത്രത്തിന് വേണ്ടത്ര ശോഭിക്കാനായിരുന്നില്ല. രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക