O Yeong- su : എഴുപത്തിയേഴാം വയസ്സില്‍ 'സ്‍ക്വിഡ് ഗെയിം' താരത്തിന് ഗോള്‍ഡൻ ഗ്ലോബ്‍സ് അവാര്‍ഡ്

By Web TeamFirst Published Jan 11, 2022, 8:46 PM IST
Highlights

അമ്പത്തിയഞ്ച് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായാണ് ഒ യ്യോങ്-സുവിന് അന്താരാഷ്‍ട്ര അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.


ഇത്തവണത്തെ ഗോള്‍ഡൻ ഗ്ലോബ്‍സ് (Golden Globes) അവാര്‍ഡില്‍ അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 'സ്‍ക്വിഡ് ഗെയിം' (Squid Game). ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സീരീസ് 'സ്‍ക്വിഡ് ഗെയിം' ഗോള്‍ഡൻ ഗ്ലോബ്‍സില്‍ ഇടംപിടിച്ചത് ഒ യ്യോങ്-സുവിന്റെ പ്രകടനത്തിലൂടെയാണ്. ടെലിവിഷൻ കാറ്റഗറിയില്‍ സഹനടനുള്ള അവാര്‍ഡാണ് ഒ യ്യോങ്-സു (O Yeong su) സ്വന്തമാക്കിയത്. ഇതാദ്യമായിട്ടാണ് ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡില്‍ ഒരു കൊറിയൻ താരം മികച്ച സഹനടനാകുന്നത്.

ഒ യ്യോങ്-സു തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ അഭിനയരംഗത്ത് എത്തിയതാണ്. നാടകത്തിലൂടെയായിരുന്നു തുടക്കം. നാഷണല്‍ തിയറ്റര്‍ കമ്പനി ഓഫ് കൊറിയോയില്‍ 1987 മുതല്‍ 2010വരെ പ്രവര്‍ത്തിച്ചു. 1998ല്‍ 'ദ സോള്‍ ഗാര്‍ഡിയൻസ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിലെത്തി.

അമ്പത്തിയഞ്ച് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായി എഴുപത്തിയേഴാം വയസ്സിലാണ് ഒ യ്യോങ്-സുവിനെ തേടി ഒരു അന്താരാഷ്‍ട്ര അവാര്‍ഡ് എത്തുന്നത്. അവാര്‍ഡിന് ലോകത്തിലെ എല്ലാവര്‍ക്കും താൻ നന്ദി പറയുകയാണെന്നായിരുന്നു ഒ യ്യോങ്-സുവിന്റെ പ്രതികരണം. നിങ്ങൾ എല്ലാവരും മനോഹരമായ ജീവിതം നയിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ഒ യ്യോങ്-സു പറഞ്ഞു. 'സ്‍ക്വിഡ് ഗെയിം' എന്ന സീരീസിലെ  ലീ ജംഗ്-ജേ അടക്കമുള്ളവര്‍ ഒ യ്യോങ്-സുവിനെ അവാര്‍ഡ് നേട്ടത്തില്‍ ആശംസകളുമായി രംഗത്ത് എത്തി.

ഇത്തവണത്തെ ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡില്‍ മികച്ച ചിത്രമായത് 'ദ പവര്‍ ഓഫ് ദ ഡോഗാ'യിരുന്നു (ഡ്രാമ). മികച്ച ചിത്രം (മ്യൂസിക്കല്‍/കോമഡി) 'വെസ്റ്റ് സൈഡ് സ്റ്റോറി'യായിരുന്നു. മികച്ച നടി നിക്കോള്‍ കിഡ്‍മാൻ ('ബീയീംഗ് ദ റിക്കാഡോസ്') ആയിരുന്നു. മികച്ച നടൻ വില്‍ സ്‍മിത്ത് ('കിംഗ് റിച്ചാര്‍ഡ്') ആയിരുന്നു.

click me!