
ശബരിമല ക്ഷേത്രത്തെ പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് തുടക്കമായി. ഇക്കഴിഞ 26 ന് കൊച്ചിയിലെ വെണ്ണല ഗീതം സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റെക്കാർഡിംഗ് ആണ് ഇവിടെ അരങ്ങേറിയത്. ഡോ. സുകേഷ് രചിച്ച് ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ, സന്നിധാനന്ദന്‍ എന്നിവർ പാടിയ ആറ് ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ഏതാനും ദിവസങ്ങളിലായി ഇവിടെ റെക്കാർഡ് ചെയ്യപ്പെടുന്നത്.
ഭക്തിസാന്ദ്രമായ ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. വിശ്വാസികളായ കുടുംബങ്ങൾക്ക് എന്നും പ്രിയമാകുന്ന ഗാനങ്ങൾ തന്നെയായിരിക്കും ഈ ചിത്രത്തിലേതെന്ന് അണിയറക്കാര്‍ പറയുന്നു. ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇയിലെ പ്രമുഖ വ്യവസായിയായ ശ്രീകുമാറും (എസ്.കെ. മുംബൈ) ഷാജി പുനലാലും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും
അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേശ്, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ് എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കിഷോർ, ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ഷെറി. ശബരിമല, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാവുക. പിആര്‍ഒ വാഴൂർ ജോസ്.