'കംപ്ലീറ്റ് ആക്ടര്‍ സംവിധായകനാവുമ്പോള്‍'; ശ്രീകുമാര്‍ മേനോന്‍ പറയുന്നു

By Web TeamFirst Published Apr 22, 2019, 4:41 PM IST
Highlights

"ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു.."

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം എടുത്തണിയുന്നതില്‍ തനിക്കുള്ള കൗതുകം പങ്കുവച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് തിരിച്ചറിയാനുള്ള അത്ഭുതശേഷി മോഹന്‍ലാലിനുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം അഭിനേതാക്കളെ എങ്ങനെ ഉപയോഗിക്കും എന്നത് തന്നില്‍ ജിജ്ഞാസ ഉണ്ടാക്കുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ഒടിയനി'ലൂടെ സംവിധായകനായ ആളാണ് ശ്രീകുമാര്‍ മേനോന്‍.

സംവിധായകനാവുന്ന മോഹന്‍ലാലിനെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍

ലാലേട്ടന്‍- നാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള... എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു! അതൊരു ഭയങ്കര കൗതുകമാണ്. ആ കംപ്ലീറ്റ് ആക്ടര്‍ സംവിധായകനാകുമ്പോള്‍, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ്- നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന 'ബറോസ്' എത്രമാത്രം ആകാംഷയാണ് ഉയര്‍ത്തുന്നത്!

ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പോഴേ സംവിധായകന്‍ ആകുമായിരുന്ന ലാലേട്ടന്‍... ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ...

click me!