എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരും വര്‍ഗീവാദിയുമല്ല, പിണറായി മികച്ച ഭരണാധികാരി; ശ്രീകുമാരന്‍ തമ്പി

By Web TeamFirst Published Mar 16, 2019, 10:23 AM IST
Highlights

പിണറായി വിജയന്‍ ഒരു മോശം മുഖ്യമന്ത്രിയല്ല. ഒരു നല്ല ഭരണാധികാരിയാണ്. ഒരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് നല്ല ഭരണാധികാരിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 
 

തിരുവനന്തപുരം: എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ലെന്നും വര്‍ഗീയവാദികളാകില്ലെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഏഷ്യാനെറ്റ് ന്യൂസിനോട് തെരഞ്ഞെടുപ്പ് ഓര്‍മകള്‍ പങ്കുവയ്ക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഞാനൊരു ഹിന്ദുവാണ്, എന്നാല്‍ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ല- ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ശബരിമല യുവതീപ്രവശേനം ചെറിയ രീതിയില്‍ വോട്ടിങ്ങിനെ ബാധിക്കും. അങ്ങനെ ബാധിക്കുകയാണെങ്കില്‍ അത് ഇടത്പക്ഷത്തിന് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ആചാരങ്ങളും മാറണം. ഇന്നല്ലെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ മാറണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അത് നേരത്തെ പറഞ്ഞു. മുന്‍പ് ബ്രാഹ്മണരുടെ വിവാഹം ഏഴു ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. പിണറായി വിജയന്‍ ഒരു മോശം മുഖ്യമന്ത്രിയല്ല. ഒരു നല്ല ഭരണാധികാരിയാണ്. ഒരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് നല്ല ഭരണാധികാരിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

വയലാറും പി ഭാസ്കരനും ഒന്‍വിയുമെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് വന്നത്. ഞാന്‍ വന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയല്ല. ഒരു പാര്‍ട്ടിയിലൂടെയുമല്ല. തനിച്ചാണ് വന്നത്. ഞങ്ങളുടെ കുടുംബത്തിലെ ആരും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മെമ്പറല്ല. പക്ഷേ അനുഭാവിയാണ്. തന്‍റെ മൂത്ത സഹോദരന്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ച ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.  മുന്‍പ് 'കള്ള കാളക്ക് വോട്ടില്ല' എന്ന പറഞ്ഞു നടന്ന കമ്മുൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായി ഏത് തരത്തില്‍ യോജിച്ചാലും അത് അധാര്‍മികമാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ കഴിയില്ല. ആകെ 10000 വോട്ട് കിട്ടുന്ന ബിജെപിക്ക് ഏഴ് ഗ്രൂപ്പുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് നേട്ടമുണ്ടാക്കാനാവാത്തതെന്ന് ശ്രീകുമാരന്‍ തമ്പി പരിഹസിച്ചു.  ഒന്ന് രണ്ട് തെരഞ്ഞെടുപ്പുകളില്‍ യാത്രയിലായതിനാല്‍ വോട്ട് ചെയ്യാനായില്ല. തിരുവനന്തപുരത്താണ് തന്‍റെ വോട്ടകവകാശമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

click me!