'നഷ്‍ടപ്പെട്ടത് സഹോദരനെ'; എസ് രമേശന്‍ നായരെ അനുസ്‍മരിച്ച് ശ്രീകുമാരന്‍ തമ്പി

By Web TeamFirst Published Jun 19, 2021, 12:32 AM IST
Highlights

"ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല; രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു. ഫോണിൽ വിളിക്കുമ്പോൾ ഹാലോ എന്നല്ല "ചേട്ടാ" എന്ന വിളിയാണ് ആദ്യം കേൾക്കുക"

അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരുമായി തനിക്കുണ്ടായിരുന്നത് സഹോദരതുല്യമായ ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരന്‍ തമ്പി രമേശന്‍ നായരെ ഓര്‍ക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

"എന്നേക്കാൾ വലിയ കവി; ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല; രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു. ഫോണിൽ വിളിക്കുമ്പോൾ ഹാലോ എന്നല്ല "ചേട്ടാ" എന്ന വിളിയാണ് ആദ്യം കേൾക്കുക. മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂർവ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയിൽ ഉദാത്ത കവിതകൾ രചിച്ച കവിയാണ് എസ് രമേശൻ നായർ. "എന്നേക്കാൾ വലിയ കവിയാണ് നീ" എന്ന് ഞാൻ രമേശനോട് പറയുമായിരുന്നു. അനവധി വേദികളിൽ വെച്ച് ഞാൻ അത് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. രമേശന്‍റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാർന്നവയാണ്. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്. എങ്ങനെ ഞാൻ മറക്കും ആ ആലിംഗനത്തിലെ സ്നേഹോർജ്ജം.?"

കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് എസ് രമേശന്‍ നായരുടെ അന്ത്യം. 1948 ൽ കന്യാകുമാരിയിലെ കുമാരപുരത്ത് ജനിച്ച എസ് രമേശൻ നായർ ഏറെക്കാലമായി കൊച്ചിയിലായിരുന്നു താമസം. കേരള ഭാഷാ ഇൻസ്റ്റിറ്റ‍്യൂട്ടിസ്‍ സബ്എഡിറ്ററായും ആകാശവാണിയിൽ പ്രൊഡ്യൂസര്‍ ആയും ജോലിചെയ്തിരുന്നു. 1985-ൽ പുറത്തിറങ്ങിയ രംഗം എന്ന ചിത്രത്തിലൂടെയായിരുന്നു രമേശൻ നായർ സിനിമാ പാട്ടെഴുത്തിലേക്കെത്തിയത്. പിന്നീട് അഞ്ഞൂറോളം സിനിമ പാട്ടുകളും ആയിരത്തോളം ഭക്തിഗാനങ്ങളും രചിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 11 മണിക്ക് പച്ചാളം ശാന്തി കവാടത്തിൽ വച്ചായിരിക്കും സംസ്കാര ചടങ്ങുകൾ. 
 

click me!