ശ്രീനിവാസന്റെ ശബ്‍ദത്തില്‍ അഭിനയിച്ച മമ്മൂട്ടി

By Web TeamFirst Published Aug 6, 2021, 8:40 AM IST
Highlights

മമ്മൂട്ടിക്ക് വേണ്ടി സംസാരിച്ചത് ശ്രീനിവാസൻ.

മമ്മൂട്ടിയുടെ ശബ്‍ദം ഏത് മലയാളിയുടെയും കാതുകളിലുണ്ടാകും. അത്രത്തോളം പരിചയമാണ് മലയാളിക്ക് മമ്മൂട്ടിയുടെ ശബ്‍ദം. മമ്മൂട്ടിയുടെ ശബ്‍ദത്തിന്റെ താളവും ഭാവവുമെല്ലാം മലയാളികള്‍ക്ക് അറിയാം. അമിതാഭ് ബച്ചനെ പോലുള്ള ഇതിഹാസനടൻമാരെ പോലെ തന്നെ തുടക്കത്തില്‍ മമ്മൂട്ടിക്കും സിനിമയില്‍ സ്വന്തം ശബ്‍ദത്തില്‍ സംസാരിക്കാൻ ആയിരുന്നില്ല എന്നതാണ് വാസ്‍തവം. മറ്റൊരാള്‍ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു. മമ്മൂട്ടിയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ  സിനിമയായ മേളയില്‍ ശബ്‍ദം നല്‍കിയത് ശ്രീനിവാസൻ എന്നത് ഒരു കൗതുകവുമാണ്.

കെ ജി ജോര്‍ജ് സംവിധാനം ചെയ്‍ത മേള  എന്ന സിനിമയില്‍ മികച്ച കഥാപാത്രമായിരുന്നു മമ്മൂട്ടിക്കും. ആ സിനിമയ്‍ക്ക് മമ്മൂട്ടിയെ കൊണ്ടായിരുന്നില്ല കെ ജി ജോര്‍ജ് ശബ്‍ദം നല്‍കിപ്പിച്ചത്. മമ്മൂട്ടി ഒരു കാലത്ത് ആരാധനോടെ കണ്ടിരുന്ന ശ്രീനിവാസൻ ആയിരുന്നു മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയത്. തൊട്ടടുത്ത സിനിമയായ സ്‍ഫോടനത്തില്‍ മണി അന്തിക്കാട് ആയിരുന്നു മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയത് എന്നും ആദ്യമായി സ്വന്തം ശബ്‍ദം നല്‍കിയത് മുന്നേറ്റം എന്ന സിനിമയ്‍ക്കു വേണ്ടിയാണെന്നും  സംവിധായകൻ ടി എസ് സുരേഷ് ബാബു പറയുന്നു.

മമ്മൂട്ടിയുടെ മികച്ച സിനിമകളില്‍ ഒന്നായ കോട്ടയം കുഞ്ഞച്ചന്റെ സംവിധായകനാണ് ടി എസ് സുരേഷ് ബാബു.

ആദ്യ സിനിമകളില്‍ മറ്റൊരാളുടെ ശബ്‍ദത്തില്‍ സംസാരിക്കേണ്ടി വന്ന മമ്മൂട്ടി ഭാവാഭിനയത്തിന്റെ ചക്രവര്‍ത്തിയായത് ചരിത്രം. രൂപം കൊണ്ടു മാത്രമല്ല കഥാപാത്രത്തിന്റെ ഭാവങ്ങള്‍ ശബ്‍ദത്തിന്റെ വിന്യാസങ്ങളിലൂടെയുമായിരുന്നു മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഒരുകാലത്ത് പൗരുഷത്തിന്റെ പ്രതീകമായും മമ്മൂട്ടിയുടെ ശബ്‍ദം വിലയിരുത്തപ്പെട്ടു. ഇടിമുഴക്കം പോലെയും നൊമ്പരമായും വാത്സല്യമായും പകയായും സ്‍നേഹമായും ഒക്കെ പല ഭാവങ്ങളില്‍ മമ്മൂട്ടിയുടെ ശബ്‍ദവും ഭാഷാശൈലിയും പലതരത്തില്‍ രൂപാന്തരപ്പെട്ടതിന് സിനിമകള്‍ സാക്ഷി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!