ഇനി അധികം കാത്തിരിക്കേണ്ട; 'ആര്‍ആര്‍ആര്‍' റിലീസ് തീയതി പ്രഖ്യാപിച്ച് രാജമൗലി

By Web TeamFirst Published Oct 2, 2021, 5:50 PM IST
Highlights

സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും

'ബാഹുബലി' സീക്വലിനു (Baahubali 2) ശേഷം എസ് എസ് രാജമൗലി (SS Rajamouli) സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്‍റെ റിലീസ് തീയതി (RRR Release Date) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 13 എന്ന നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതിയില്‍ ചിത്രം എത്തില്ലെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ മിക്കവാറും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും തിയറ്ററുകള്‍ തുറന്നിട്ടില്ലാത്തതാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടിവരാത്ത രീതിയില്‍ ചിത്രം എത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം. 2022 ജനുവരി 7ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.

'ബാഹുബലി 2'ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. 'രൗദ്രം രണം രുധിരം' എന്നതിന്‍റെ ചുരുക്കെഴുത്താണ് 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്. 

Experience India’s Biggest Action Drama, in theatres worldwide on 7th Jan 2022. 🤟🏻 💥💥

An Film. pic.twitter.com/wKtnfeCJN7

— RRR Movie (@RRRMovie)

സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

click me!