Latest Videos

എന്തുകൊണ്ട് സുരാജും കനിയും? ജൂറിയുടെ നിരീക്ഷണം ഇങ്ങനെ

By Web TeamFirst Published Oct 13, 2020, 1:20 PM IST
Highlights

മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയ സുരാജ് വെഞ്ഞാറമ്മൂട്, കനി കുസൃതി എന്നിവരുടെ പ്രകടനങ്ങളെക്കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ.

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഭൂരിഭാഗം വിഭാഗങ്ങളിലും അപ്രതീക്ഷിതത്വങ്ങള്‍ ഉണ്ടായിരുന്നില്ല. മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയ സുരാജ് വെഞ്ഞാറമൂടും കനി കുസൃതിയും സിനിമാലോകവും പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്ന പേരുകള്‍ തന്നെയാണ്. അതേസമയം മികച്ച ചിത്രം 'വാസന്തി' സിനിമാസ്വാദകരെ സംബന്ധിച്ച് ഒരു സര്‍പ്രൈസുമായി. റഹ്മാന്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാനും സജാസ് റഹ്മാനുമാണ് ഇതിന്‍റെ സംവിധാനം.

മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയ സുരാജ് വെഞ്ഞാറമ്മൂട്, കനി കുസൃതി എന്നിവരുടെ പ്രകടനങ്ങളെക്കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ.

സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, വികൃതി)

"രണ്ട് ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച അഭിനയമികവിന്."

 

കനി കുസൃതി (ബിരിയാണി)

"മതവും പുരുഷാദിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്കരിച്ച അഭിനയ മികവിന്."

സുരാജിലെ നടന്‍റെ സാധ്യതകളെ മലയാളസിനിമ നിലവില്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ വൈവിധ്യത്തിന് തെളിവായിരുന്നു കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ മിക്ക ചിത്രങ്ങളും. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എന്ന നവാഗതന്‍റേതായി പുറത്തെത്തിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25'. പുറമേയ്ക്ക് പരുക്കനെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ ഉള്ളില്‍ സ്നേഹം ഒളിപ്പിക്കുന്ന വയോധികനായ അച്ഛന്‍ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട 'വികൃതി'യില്‍ മൂകനും ബധിരനുമായ എല്‍ദോ എന്ന കഥാപാത്രവും സുരാജിന്‍റെ പ്രതിഭയ്ക്ക് തെളിവായ വേഷമാണ്. അരുണ്‍ പി ആറിന്‍റെ 'ഫൈനല്‍സ്', ജീന്‍ പോള്‍ ലാലിന്‍റെ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്നിവയും കഴിഞ്ഞ വര്‍ഷം സുരാജിന്‍റേതായി പുറത്തെത്തിയ സിനിമകളാണ്.

 

അതേസമയം മലയാളസിനിമ വേണ്ടവിധം ഉപയോഗപ്പെടുത്താത്ത നടി കനി കുസൃതിക്ക് മികവിനുള്ള അംഗീകാരം തന്നെയായി സജിന്‍ ബാബുവിന്‍റെ 'ബിരിയാണി'യിലൂടെ തേടിയെത്തിയ പുരസ്കാരം. മികച്ച നാടക പശ്ചാത്തലമുള്ള കനിയെ ശ്രദ്ധേയമെങ്കിലും ചെറുവേഷങ്ങളിലാണ് 'ബിരിയാണി' വരേയ്ക്കും പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. അവര്‍ക്ക് കരിയര്‍ ബ്രേക്ക് ആയേക്കാം ഈ പുരസ്കാരനേട്ടം. 

ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍. 

click me!