
കോഴിക്കോട്: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിൽ കുട്ടികളുടെ കാറ്റഗറിയിലെ അവാർഡുകൾ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് സജി ചെറിയാന്‍റെ അവകാശവാദം. കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി കോഴിക്കോട് പറയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ച് മന്ത്രി പിന്നീട് വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ ചിത്രത്തെയും ബാലതാരങ്ങളെയും അവഗണിച്ചെന്ന് പരാതി. വരും തലമുറക്ക് നേരെ ജൂറി കണ്ണടച്ചെന്നായിരുന്നു ബാലതാരം ദേവനന്ദയുടെ വിമർശനം. കുട്ടികളുടെ ചിത്രങ്ങൾക്ക് അവാർഡ് നൽകാത്തതിൽ നിരാശയുണ്ടെന്ന സംവിധായകൻ വിനേഷ് വിശ്വനാഥൻ പറഞ്ഞു. കുട്ടികളുടെ വിഭാഗത്തിൽ അർഹമായ സിനിമകൾ ഉണ്ടായിരുന്നില്ലെന്നാണ് സാംസ്കാരിക മന്ത്രിയുടെ വിശദീകരണം.
കുട്ടികളുടെ ചിന്തകൾക്കൊത്ത ചിത്രങ്ങളില്ല. നിലവാരമുള്ള പ്രകടനങ്ങളില്ല. കുട്ടികളെ അഭിനയിപ്പിച്ചത് കൊണ്ട് കുട്ടികളുടെ ചിത്രമാകില്ല. 2024ലെ പുരസ്കാരത്തിൽ കുട്ടികളുടെ ചിത്രത്തിനോ, ബാലതാരങ്ങൾക്കോ പുരസ്കാരം നൽകാതിരുന്നതിൽ ജൂറിയുടെ വിശദീകരണം ഇതായിരുന്നു. എന്നാൽ ജൂറിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അവാർഡ് നിഷേധിച്ച് കൊണ്ടല്ല കുട്ടികളുടെ കൂടതുൽ സിനിമകളുണ്ടാകണമെന്ന് പറയേണ്ടതെന്ന് ബാലതാരം ദേവനന്ദ. കുട്ടികളുടെ അവകാശം നിഷേധിച്ചെന്നും ദേവനന്ദയുട പോസ്റ്റ്. ജൂറി തീരുമാനത്തിൽ നിരാശയുണ്ടെന്ന് സ്താനാർത്ഥി ശ്രീക്കുട്ടന്റെ സംവിധായകൻ വിനേശ് വിശ്വനാഥൻ.
കുട്ടികളുടെ കാറ്റഗറിയിൽ ആറ് ചിത്രങ്ങളായിരുന്നു പരിഗണിക്കപ്പെട്ടത്. ഇതിൽ സ്കൂൾ ചലേഹം, ഇരുനിറം എന്നീ ചിത്രങ്ങൾ മാത്രമാണ് അന്തിമ റൗണ്ടിലെത്തിയത്. ഈ ചിത്രങ്ങൾ കുട്ടികളുടെ വീഷണ കോണിൽ നിന്നുള്ളവയല്ലെന്നായിരുന്നു ജൂറി റിപ്പോർട്ട്. പൊതുവേ വിവാദം ഒഴിഞ്ഞുനിന്ന അവാർഡ് പ്രഖ്യാപനമായിരുന്നിട്ടും കുട്ടികളുടെ ചിത്രങ്ങളുടെ ചൊല്ലിയുള്ള പരാതി ഇത്തവണ കല്ലുകടിയാവുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ