പിന്മാറിയാലും രംഗങ്ങൾ ഉപയോഗിക്കുമെന്ന് അണിയറപ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പ്രിയ വാര്യർ പറയുന്നു. Priya Varrier reveals about the truth behind param sundari
'ഒരു അടാർ ലവ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ പി വാര്യർ. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്നുതുടങ്ങുന്ന ഗാനത്തിലൂടെ തെന്നിന്ത്യയൊന്നാകെ നിരവധി ആരാധകരെ സൃഷ്ടിക്കാനും പ്രിയയ്ക്കായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലും അരങ്ങേറ്റം കുറിച്ച പ്രിയ മോഡലിലിങ്ങിലും സജീവമാണ്.
അടുത്തിടെ ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ പരം സുന്ദരി എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ പ്രിയ വാര്യർ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു. 'സ്റ്റാർ വാല്യൂ ഉണ്ടായിട്ടും, ജൂനിയർ ആർട്ടിസ്റ്റ് റോൾ ചെയ്യാൻ പ്രിയ വാര്യർ കാണിച്ച മനസ്സ് അഭിനന്ദാർഹമാണ്' എന്ന തരത്തിലായിരുന്നു അന്ന് പരം സുന്ദരിയിലെ പ്രിയയുടെ രംഗങ്ങൾ എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ താൻ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് അല്ല ആ സിനിമയുടെ ഭാഗമായത് എന്നാണ് പ്രിയ പറയുന്നത്.
ജൂനിയർ ആർട്ടിസ്റ്റ് ആയി പോകുന്നത് എന്തോ വളരെ നാണക്കേടുള്ള കാര്യം പോലെയാണ് ആളുകൾ പറയുന്നതെന്നും, തനിക്ക് അതിൽ പ്രത്യേകിച്ച് അങ്ങനെ വലിയ പ്രശ്നമൊന്നും തോന്നുന്നില്ലെന്നും പറഞ്ഞ പ്രിയ, പരം സുന്ദരിയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടല്ല താൻ പോയതെന്നും, ആ സിനിമയുടെ ഭാഗമായിരുന്നു താനെന്നും കൂട്ടിച്ചേർത്തു.
"എന്നോട് പറഞ്ഞിരുന്ന നറേഷൻ, അല്ലെങ്കിൽ എന്റെ ഭാഗം എന്നുള്ളത് ഫസ്റ്റ് ഡേ ഷൂട്ടിന് പോയപ്പോൾ അത് അങ്ങനെയൊന്നുമല്ല എന്നുള്ളത് ഞാൻ തിരിച്ചറിഞ്ഞു. ഫസ്റ്റ് ഡേ ഒറ്റ ദിവസമേ ഞാൻ ഷൂട്ടിന് പോയിട്ടുള്ളൂ. സെക്കൻഡ് ഡേ ഞാൻ പല കാരണങ്ങൾ പറഞ്ഞു കൊണ്ട് ബാക്ക് ഓഫ് ചെയ്തതാണ്. എന്നോട് അവർ വളരെ കൃത്യമായിട്ട് പറഞ്ഞിരുന്നു ഇയാളെ വെച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങൾ പിന്മാറിയാലും ഉപയോഗിക്കും എന്ന്. ആ കഥാപാത്രത്തിന് സിനിമയിൽ സീനുകൾ ഉണ്ടായിരുന്നു, പക്ഷെ അത് എന്റെ അടുത്ത് ബ്രീഫ് ചെയ്ത പോലെ ആയിരുന്നില്ല." പ്രിയ പറയുന്നു.
'എന്റെ രംഗങ്ങൾ ഉപയോഗിക്കും എന്നുള്ള ഭീഷണി'
"ഫസ്റ്റ് ഡേ അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. കൂടുതൽ കമ്മ്യൂണിക്കേഷൻ ഞാൻ അവിടുന്ന് ആവശ്യപ്പെട്ടപ്പോൾ എനിക്ക് തന്നില്ല. അപ്പോൾ ഞാൻ അതിൽ നിന്ന് മാന്യമായി പിന്മാറി. പക്ഷെ അവർ ഒരു ഭീഷണി എന്ന രീതിയിൽ തന്നെയാണ് വിഷ്വലുകൾ ഉപയോഗിക്കും എന്ന് പറഞ്ഞത്. എന്തായാലും കുഴപ്പമില്ല എന്ന രീതിയിൽ ആയിരുന്നു ഞാൻ. പറഞ്ഞപോലെ അവരത് ഉപയോഗിച്ചു. പക്ഷെ ആ ഒരു സീനിന്റെ ആവശ്യം പോലും അവിടെ ഉടനയായിരുന്നില്ല. പക്ഷെ ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രിയ ഉണ്ട് എന്നുള്ളത് അവർ പ്രചരിപ്പിച്ചു. പക്ഷെ എനിക്ക് അതിൽ കുഴപ്പമില്ല, അവർ എനിക്ക് പബ്ലിസിറ്റി തന്നു അത്രയേയുള്ളൂ." പ്രിയ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം.



