ഒരു നടൻ, ആറ് കഥാപാത്രങ്ങള്‍, സന്തോഷ് കീഴാറ്റൂരിന്റെ 'സ്റ്റിഗ്‍മ'യുടെ ഫസ്റ്റ് ലുക്ക്

By Web TeamFirst Published Jul 16, 2020, 3:10 PM IST
Highlights

സന്തോഷ് കീഴാറ്റൂര്‍ ആറ് കഥാപാത്രങ്ങളുമായി എത്തുന്ന സ്റ്റിഗ്‍മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

 

നാടകപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സ്റ്റിഗ്‍മ. സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സ്റ്റിഗ്‍മയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഭയപ്പാടോടെയാണ് ആള്‍ക്കാര്‍ കൊവിഡ് രോഗം ഭേദമായവരെപോലും കാണുന്നത് എന്ന അവസ്ഥയുണ്ട്.  ഇങ്ങനെയൊക്കെയുള്ളൊരു പശ്ചാത്തലത്തില്‍ ബോധവത്‍കരണവുമായി സന്തോഷ് കീഴാറ്റൂര്‍ ആറ് വേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് സ്റ്റിഗ്‍മ.

ദ നാഷണല്‍ ഹെല്‍ത്ത് മിഷൻ (കണ്ണൂര്‍) ആണ് സ്റ്റിഗ്‍മ നിര്‍മ്മിക്കുന്നത്. സന്തോഷ് കീഴൂറ്റൂര്‍ തന്നെ സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ആരാധകര്‍ക്ക് ആകാംക്ഷയുമുണ്ട്.ആറ് കഥാപാത്രങ്ങളായാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പെണ്‍കുട്ടിയുടെ കൊവിഡ് ഭേദമായിട്ടും നേരത്തെ ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിൻമാറുന്ന യുവാവിന്റെ അച്ഛനായും ഗള്‍ഫില്‍ നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിയുന്ന യുവാവായും. കൊവിഡ് 19 ബാധിച്ച് മരിച്ച  ആളെ സംസ്‍കരിക്കാൻ തയ്യാറാകാത്ത ഒരു ഐടി ഉദ്യോഗസ്ഥനായും ലോക്ക് ഡൗണ്‍ കാലത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ആളായിട്ടും ഒരു സ്‍ത്രീ നഴ്‍സായിട്ടുമാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വളരെ വെല്ലുവിളിയുള്ള വേഷങ്ങളായിരുന്നു ചിത്രത്തിലേത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. സുരേഷ് ബാബു ശ്രീസ്ഥയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത് ഇൻസ്‍പെക്ടര്‍ കൂടിയാണ് നാടകകൃത്തായ സുരേഷ് ബാബു ശ്രീസ്ഥ. ചിത്രം ഉടൻ സാമൂഹ്യമാധ്യമത്തില്‍ അടക്കം റിലീസ് ചെയ്യും.

click me!