
മലപ്പുറം: അയല്‍ക്കാരി മരണപ്പെട്ടപ്പോള്‍ തനിച്ചായ മൂന്ന് മക്കളെ സ്വന്തം മക്കളെ പോലെ വളര്‍ത്തി വലുതാക്കിയ സുബൈദയുടെ ജീവിത കഥ 'എന്ന് സ്വന്തം ശ്രീധരൻ' വെള്ളിത്തിരയിലേക്ക്. സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത എന്ന് സ്വന്തം ശ്രീധരൻ പ്രദർശനത്തിനൊരുങ്ങുന്നു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, നിലമ്പൂർ ആയിഷ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം രാജ്യാന്തരപ്രദർശനങ്ങൾക്കു ശേഷം കേരളത്തിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രം ജനുവരി 9ന് കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അയല്‍ക്കാരിയായ സുഹൃത്ത് ചക്കി മരണപ്പെട്ടപ്പോള്‍ ആരോരുമില്ലാതായ മൂന്ന് മക്കളെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി, സ്വന്തം മക്കളെപ്പോലെ വളര്‍ത്തി വലുതാക്കിയ സുബൈദയുടെയുടെയും ഭര്‍ത്താവ് അസീസ് ഹാജിയുടെയും ജീവിത കഥയാണ് 'എന്ന് സ്വന്തം ശ്രീധരൻ'. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പില്ലാതെയാണ് സുബൈദ തന്‍റെ മക്കളെ വളര്‍ത്തിയത്. ചക്കിയുടെ മൂന്ന് മക്കളെയും അവരിതുവരെ ജീവിച്ച് പോന്ന ഹിന്ദുമതപ്രകാരം ആണ് സുബൈദ വളര്‍ത്തിയത്. ചക്കിയുടെ മക്കളിലൊരാളായ ശ്രീധരന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്നേഹത്തിന്‍റെ ഉറവ വറ്റാത്ത സുബൈദയുടെ കഥ ലോകമറിയുന്നത്. സുബൈദയുടെ മരണത്തിന് പിന്നാലെയാണ് ചക്കിയുടെ മകന്‍ ശ്രീധരന്‍ തന്‍റെ ഉമ്മയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കാളികാവ് സ്വദേശിയായ ചക്കിയുടെ മക്കളെയാണ് അവരുടെ മരണ ശേഷം അയല്‍വാസിയും സുഹൃത്തുമായിരുന്ന സുബൈദ തന്‍റെ ജീവിതത്തിലേക്ക് ഏറ്റെടുത്ത്. ശ്രീധരനെന്ന ആണ്‍കുട്ടിയും രണ്ട് സഹോദരിമാര്‍ക്കും അമ്മയുടെ മരണത്തോടെ ജീവിതം തന്നെ കൈവിട്ട് പോയ നിലയിലായിരുന്നു. നേരത്തെ അച്ഛന്‍ മരിച്ച ഇവരെ ചക്കി വീട്ടു ജോലി ചെയ്തായിരുന്നു വളര്‍ത്തിയത്. അമ്മ കൂടി പോയതോടെ തനിച്ചാക്കപ്പെട്ട മൂന്നു പേരെയും സുബൈദയും ഭര്‍ത്താവും തങ്ങളുടെ ജീവിതത്തിലേക്ക് കൈപിടിച്ച് ചേര്‍ക്കുകയായിരുന്നു.
സുരേഷ് നെല്ലിക്കോട്, സച്ചിൻ റോയ്, നിർമ്മല കണ്ണൻ, വൈഭവ് അമർനാഥ്, ഹർഷ അരുൺ, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ആര്യ, അബ്ദൽ ലത്തീഫ് എന്നിവരാണ് 'എന്ന് സ്വന്തം ശ്രീധരനിലെ' മറ്റുപ്രധാനകഥാപാത്രങ്ങൾ. നിലമ്പൂരാണ് കഥാപശ്ചാത്തലം. ഫസലുൽ ഹക്ക് ആണ് അസോസിയേറ്റ് ഡയറക്ടര്‍. കലാസംവിധാനം സുബൈർ പാങ്ങ്.
Read More : 'ചരിത്ര സിനിമയെടുത്ത് ദേഹം മുഴുവൻ പൊള്ളി, ഇനിയില്ല': പ്രിയദർശൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ