
നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഹിറ്റുകളിൽ ഒന്നായ 'സ്‌ട്രേഞ്ചർ തിങ്‌സ്' സീരീസിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിനായുള്ള ട്രെയിലർ പുറത്തിറക്കി, ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലെത്തിച്ചിരിക്കുകയാണ്.
വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഥാപാത്രങ്ങൾ വീണ്ടും ഒന്നിക്കുന്നതിൻ്റെ സൂചനകളാണ് ട്രെയിലർ നൽകുന്നത്.
‘ഡഫർ ബ്രദേഴ്‌സ്’ ഒരുക്കിയ ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ സീരീസിൻ്റെ പശ്ചാത്തലം 1980-കളിലെ സാങ്കൽപ്പിക നഗരമായ ഹോക്കിൻസ്, ഇന്ത്യാനയാണ്. 'അപ്‌സൈഡ് ഡൗൺ' എന്ന വിചിത്ര ലോകത്തേക്ക് തുറക്കുന്ന ഒരു കവാടവും, അവിടുത്തെ ഭീകര ജീവികളായ ‘ഡെമോഗോർഗണുകളും’ 'വെക്നയുമാണ്' കഥയിലെ പ്രധാന വെല്ലുവിളികൾ. അമാനുഷിക ശക്തികളുള്ള ‘ഇലവൻ’ എന്ന പെൺകുട്ടിയും അവളുടെ കൂട്ടുകാരുമാണ് ഇതിനെ നേരിടുന്നത്. 80-കളിലെ നോസ്റ്റാൾജിയയും മികച്ച കഥാപാത്രസൃഷ്ടിയും സീരീസിൻ്റെ പ്രധാന ആകർഷണങ്ങളാണ്.
സീസൺ 5-ൻ്റെ ആദ്യഭാഗമായ വോളിയം 1, നവംബർ 26-ന് യുഎസിലും, 27-ന് ബുധനാഴ്ച രാവിലെ 6:30-ന് ഇന്ത്യയിലും നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. പുറത്തുവന്ന ട്രെയിലറിൽ, പ്രധാന കഥാപാത്രങ്ങളെല്ലാം വീണ്ടും ഒത്തുചേരുന്നതും 'വെക്നയെ' എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും കാണാം. "വെക്നയുടെ ഹൃദയം ഒരു പ്ലേറ്റിൽ വെക്കണം" എന്ന 'ഡസ്റ്റിൻ്റെ' വാക്കുകൾ ഈ സീസണിലെ സംഘർഷം എത്ര വലുതായിരിക്കും എന്ന് സൂചിപ്പിക്കുന്നു. ഡെമോഗോർഗണുകളുടെ ആക്രമണങ്ങളും, 'അപ്‌സൈഡ് ഡൗൺ' പോർട്ടലിലേക്കുള്ള രക്ഷപ്പെടലുകളുമായി തീവ്രമായ ആക്ഷൻ രംഗങ്ങളാണ് അവസാന പോരാട്ടത്തിനായി പ്രേക്ഷകരെ കാത്തിരിക്കുന്നത്.