
മലയാളിയായ സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നടി മൗനി റോയിക്ക് ബോളിവുഡ് താരം ദിശ പഠാണിയുമായി ലെസ്ബിയൻ ബന്ധമുണ്ടെന്നും ജീവനാംശമായി 100 കോടി മൗനി റോയ് ആവശ്യപ്പെട്ടുവെന്നുമുള്ള വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ സത്യമില്ലെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂരജ് നമ്പ്യാർ. പരസ്പര ബഹുമാനത്തോടെയും മൂന്നാം കക്ഷികൾ ഉൾപ്പെടാതാതെയും വേർപിരിഞ്ഞവരാണ് തങ്ങളെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചവയാണെന്നും പറഞ്ഞ സൂരജ് ജീവനാംശം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. മറ്റാരുടെയും പേരെടുത്ത് പറയാതെയായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സൂരജ് കുറിപ്പ് പങ്കുവച്ചത്.
"ഞങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ വളരെ മോശം ഉദ്ദേശ്യത്തോടെയും പൂർണമായും ദുരുദ്ദേശ്യത്തോടെയും പ്രചരിപ്പിക്കുന്നവയാണ്. ഞാൻ വസ്തുതകൾ വ്യക്തമാക്കാം, ജീവനാംശം ഇല്ല. തർക്കങ്ങൾ ഇല്ല. മൂന്നാം കക്ഷികള്‍ ആരും ഉൾപ്പെട്ടിട്ടില്ല. മൗനിയും ഞാനും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് വേർപിരിയാൻ തീരുമാനിച്ചതാണ്. അതാണ് സത്യം. റിപ്പോർട്ട് ചെയ്യപ്പെടുന്ന ബാക്കിയെല്ലാ കാര്യങ്ങളും കെട്ടിച്ചമച്ചവയാണ്, ചില സന്ദർഭങ്ങളിൽ, അവശ്യമായ യാതൊന്നും ചെയ്യാത്ത രണ്ട് വ്യക്തികളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ഞങ്ങളെ വെറുതെ വിടണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. ഞാൻ ഇത് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു: ഞങ്ങളിൽ ആരെക്കുറിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയെക്കുറിച്ചോ ഉള്ള ഏതെങ്കിലും അവകാശവാദങ്ങൾക്ക് യാതൊരു സത്യവുമില്ല. മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ല." സൂരജ് പറയുന്നു.
"പ്രത്യേകിച്ചും ഇതിൽ പങ്കില്ലാത്ത നിഷ്കളങ്കരായ സുഹൃത്തുക്കളെ. മൗനിയും ഞാനും ഈ കാലയളവിൽ അന്തസ്സോടെ പെരുമാറിയിട്ടുണ്ട്, അത് റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. മാധ്യമങ്ങൾ നിലവിലില്ലാത്ത കഥകൾ മെനഞ്ഞെടുക്കാനും കെട്ടിച്ചമയ്ക്കാനും ശ്രമിച്ചു. യാതൊരു പരിശോധനയുമില്ലാതെയാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്, അത് അനീതിയാണ്. കരുതിക്കൂട്ടിയുള്ള തെറ്റായ വാർത്തകൾക്കു മുന്നിൽ നിശബ്ദമായിരിക്കാൻ തയ്യാറല്ലാത്തതിനാൽ ഞാനിത് വ്യക്തമായി വിളിച്ചു പറയുന്നു. ഞങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. എല്ലാവരോടും അത് മാനിക്കാനും ഞങ്ങൾ രണ്ടുപേർക്കും സമാധാനപരമായി മുന്നോട്ട് പോകാൻ ഇടം നൽകണമെന്നും അഭ്യർഥിക്കുന്നു. നന്ദി." സൂരജ് കൂട്ടിച്ചേർത്തു.
നീണ്ടകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു നടി മൗനി റോയിയും (Mouni Roy) വ്യവസായി സുരാജ് നമ്പ്യാരും (Suraj Nambiar) വിവാഹിതരായത്. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബോളിവുഡിലെ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മലയാളി ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. 2022ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ