
മണിപ്പൂർ സംഭവവുമായി ബന്ധപ്പെട്ട് പങ്കുവച്ച തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ പോസ്റ്റ് ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ എന്നും സുരാജ് ഓർമപ്പെടുത്തി.
"മണിപ്പൂരിലെ സംഭവം ആയി ബന്ധപ്പെട്ട് അല്പം മുൻപ് പങ്കുവച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തതായി കാണുന്നു... ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ...", എന്നാണ് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിൽ കുറിച്ചത്.
"മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ", എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് നേരത്തെ പങ്കുവച്ച പോസ്റ്റ്. ഇതിൽ ഇന്ത്യ ടുഡേയിൽ വന്ന മണിപ്പൂർ സംഭവത്തിന്റെ വാർത്തയും സുരാജ് പങ്കുവച്ചിരുന്നു.
'മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ'; രൂക്ഷ വിമർശനവുമായി ശാലിനി നായർ
അതേസമയം, സ്ത്രീകളെ അക്രമിച്ചതിന്‍റെ വീഡിയോകളും മറ്റും നീക്കാൻ സമൂഹമാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കാർ നിലപാട് എടുത്തു.
കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മണിപ്പൂരിലെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതേസമയം, സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപക പ്രതിഷേധം രാജ്യത്തുടനീളം അരങ്ങേറിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് പറഞ്ഞിരുന്നു.
'അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു'; മണിപ്പൂര്‍ സംഭവത്തിൽ സുരാജ് വെഞ്ഞാറമൂട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..