
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും(Suresh Gopi) സംവിധായകൻ ജോഷിയും(Joshiy) ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ (Paappan). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു മാസ് പടമാകും പാപ്പനെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര്. 1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണിതെന്ന് പറഞ്ഞുവയ്ക്കുന്നു. തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നും പ്രതീക്ഷയുണർത്തുന്നുണ്ട്. ചിത്രം ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി.
Anushka Shetty : സുരേഷ് ഗോപിയുടെ നായികയാകാൻ അനുഷ്ക ഷെട്ടി ?