
വിവാദങ്ങള്‍ ഉയര്‍ത്തി ജെഎസ്കെ എന്ന സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാന്‍ പാടില്ലെന്ന് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കാണാന്‍ തൃശൂര്‍ രാഗം തിയറ്ററില്‍ എത്തിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു,
“ജെഎസ്‍കെ എന്ന സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിൽ വിവാദങ്ങൾ ഇല്ല. സിനിമ വലിയ വിഷയമാണ് ചർച്ച ചെയ്യുന്നത്. വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ല. ഈ സിനിമയ്ക്ക് പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സിനിമ എല്ലാവരെയും ചിന്തിപ്പിക്കും. അതിനുവേണ്ടിയുള്ള ശബ്ദം ഉയരട്ടെ എന്നാണ് ആഗ്രഹം. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്, ഇന്നത്തെ നമ്മുടെ ചുറ്റുപാടിന് വേണ്ടിയുള്ളതാവട്ടെ. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകട്ടെ. സ്ത്രീകൾക്കുവേണ്ടി നിയമം മാത്രം പോര, അത് നടപ്പിലാക്കാനും കഴിയട്ടെ. എല്ലാവരെയും ചിന്തിപ്പിക്കുന്നതാകട്ടെ സിനിമ. ഇത് വിപ്ലവാത്മമകമാകട്ടെ”, സുരേഷ് ഗോപി പറഞ്ഞു.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരുന്നു ജെഎസ്കെ എന്നതിന്‍റെ മുഴുവന്‍ രൂപമായി ചിത്രത്തിന്‍റെ ആദ്യ ടൈറ്റില്‍. എന്നാല്‍ ജാനകി എന്ന പേര് ടൈറ്റിലില്‍ ഉള്‍പ്പെടുത്തിയാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തിരുന്നു. പിന്നാലെ ഇത് സംബന്ധിച്ച അണിയറക്കാരുടെ പരാതി ഹൈക്കോടതിയിലുമെത്തി. തുടര്‍ന്ന് ചിത്രത്തിന്‍റെ ടൈറ്റിലില്‍ കേന്ദ്ര കഥാപാത്രത്തിന്‍റെ പേരിനോടുകൂടെ ഇനിഷ്യല്‍ കൂടി ചേര്‍ക്കുകയായിരുന്നു. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്‍റെ നിലവിലെ ടൈറ്റില്‍. ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവാദത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.
അതേസമയം അനുപമ പരമേശ്വരനാണ് ചിത്രത്തിലെ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ന്‍മെന്‍റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ