
സുരേശനെയും സുമലതയേയും '1000 കണ്ണുമായ്' എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടാകില്ല. ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകമനസ്സുകളിലേക്ക് കയറിക്കൂടിയവരാണവർ. സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. സിനിമയുടെ ട്രെയിലറും പാട്ടുകളുമൊക്കെ ഇതിനകം ട്രെൻഡിംഗാണ്.
ഇപ്പോഴിതാ മെയ് 16ന് തിയറ്ററുകളിൽ എത്താനൊരുങ്ങുന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മലയാള സിനിമാലോകത്തെ നിരവധി താരങ്ങള്‍ ഒന്നിച്ചെത്തിയ ട്രീലർ ശ്രദ്ധ നേടുകയാണ്. ടൊവിനോ, ഐശ്വര്യലക്ഷ്മി, ഫഹദ്, ബേസിൽ, അനഘ, വിൻസി, റോഷൻ, ഗായത്രി, കനി കുസൃതി, സന്തോഷ് കീഴാറ്റൂർ, ദർശന, ദീപക് പറമ്പോൽ, അനാർക്കലി, സുദേവ് നായർ, മഞ്ജു പിള്ള, ശ്രിന്ദ, പിപി കുഞ്ഞികൃഷ്ണൻ, ഷാഹി കബീർ, സൈജു കുറുപ്പ്, സിത്താര, അനുമോൾ, ശാന്തി, ഗണപതി, ദിവ്യ, മൃദുൽ നായർ തുടങ്ങി നിരവധി താരങ്ങളാണ് സെൽഫി റീലുകളുമായി ട്രീലറിൽ അണിനിരന്നിരിക്കുന്നത്.
രസകരമായ രീതിയിൽ സിനിമയിലെ താരങ്ങളുടെ ഡയലോഗുകളും വീഡിയോയിൽ ചേർത്തുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്നവരുടെയെല്ലാം ചുണ്ടിൽ ചിരി വിരിയിച്ചിരിക്കുകയാണ് മലയാളത്തിലെ പുതുപരീക്ഷണമായ ഈ ട്രീലർ.
'ഞാൻ നിങ്ങളെയെല്ലാവരേയും ഒറ്റയ്‍ക്കൊറ്റയ്ക്ക് പരിചയപ്പെടാൻ ആഗ്രഹിക്കുന്നു' എന്ന സുരേശന്‍റെ ഡയലോഗോടെയാണ് ട്രീലർ ആരംഭിക്കുന്നത്. സിനിമയുടെ പേര് ഓരോ താരങ്ങളും വാക്കുകൾ തെറ്റാതെ പറയാൻ ശ്രമിക്കുന്നതാണ് പിന്നീട് കാണാനാകുന്നത്. 'ഈ നാട്ടിലെ എല്ലാരും ഓന്‍റെയൊപ്പാ, ഓൻ ട്രെൻഡിംഗാവും നോക്കിക്കോ' എന്നൊരു ഡയലോഗോടെയാണ് ട്രീലർ അവസാനിക്കുന്നത്. ട്രീലറുടെ അവസാനം സാക്ഷാൽ സുരേശനും സുമലതയും കഥാപാത്രമല്ലാതെ വീഡിയോയിൽ എത്തുന്നുമുണ്ട്, ഒപ്പം കുഞ്ചാക്കോ ബോബനും. ഏറെ കൗതുകം നിറഞ്ഞതാണ് ഈ ട്രീലർ വീഡിയോ.
ഒരു ടൈംട്രാവൽ കോമഡി സിനിമയായാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് മനസ്സിലാക്കാനാകുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേശൻ കാവുങ്കൽ, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. മാത്രമല്ല ചാക്കോച്ചൻ ഗസ്റ്റ് റോളിൽ ചിത്രത്തിലുണ്ടെന്നതും ഏവരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ അഭിനേതാക്കളും സിനിമയിലുണ്ട്.
'മൊഞ്ചന്റെ ചിരിയാണ് സാറേ..അഴക് താ'; ജോസച്ചായന്റെ വരവറിയിച്ച് മമ്മൂട്ടി, കമന്റ് ബോക്സ് ഭരിച്ച് ആരാധകർ
സിനിമയുടെ വേറിട്ട രീതിയിലുള്ള സേവ് ദി ഡേറ്റ് ടീസറും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലേതായി ഇറങ്ങിയ 'ചങ്കുരിച്ചാൽ...' എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ 'നാടാകെ നാടകം കൂടാനായി ഒരുക്കം...' എന്ന് തുടങ്ങുന്ന ഗാനവും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ ട്രീലർ ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.
ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. വൈശാഖ് സുഗുണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസന്‍റ് ആണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുരേഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്‍റ്, പി ആർ ഓ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.