
താന്‍ നായകനായ പുതിയ ചിത്രം റെട്രോയുടെ ലാഭത്തില്‍ നിന്ന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി നല്‍കി സൂര്യ. തന്‍റെ തന്നെ നേതൃത്വത്തില്‍ 2006 ല്‍ ആരംഭിച്ച അഗരം ഫൗണ്ടേഷനാണ് സൂര്യ തുക നല്‍കിയത്. റെട്രോ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ഒപ്പമുണ്ടായിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് അഗരം ഫൗണ്ടേഷന്‍റെ പ്രഖ്യാപിത ലക്ഷ്യം.
പങ്കുവെക്കലിലാണ് ഏറ്റവും വലിയ സന്തോഷം ഇരിക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് വ്യക്തിത്വവും അര്‍ഥവും നല്‍കിയ സമൂഹത്തിന് എന്തെങ്കിലും മടക്കി നല്‍കുന്നതില്‍ എനിക്ക് കൃതജ്ഞതയുണ്ട്. റെട്രോയ്ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണ എനിക്ക് സന്തോഷവും കരുത്തും പകരുന്നു, പ്രത്യേകിച്ചും കഠിനമായ കാലത്ത്. നിങ്ങള്‍ എനിക്ക് നല്‍കിയ അംഗീകാരം അര്‍ഥവത്താക്കണമെന്ന് കരുതി ആരംഭിച്ച ഒന്നാണ് അഗരം ഫൗണ്ടേഷന്‍. ഈ പിന്തുണയ്ക്ക് നന്ദി. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അവരുടെ സ്വപ്നങ്ങള്‍ സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. റെട്രോയില്‍ നിന്ന് ലഭിച്ചതുകൊണ്ട് അഗരം ഫൗണ്ടേഷനിലേക്ക് ഈ വര്‍ഷം 10 കോടി സംഭാവന നല്‍കാന്‍ എനിക്ക് അഭിമാനമുണ്ട്. ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന യുവമനസുകളെ പിന്തുണയ്ക്കുക. കാരണം വിദ്യാഭ്യാസം ഒരു ആയുധമാണ്. ഒരു പരിചയും, സൂര്യ പറഞ്ഞു.
ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. രചനയും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. റൊമാന്‍റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്‍റെ സ്റ്റോണ്‍ ബെഞ്ച് ക്രിയേഷന്‍സും സൂര്യയുടെ 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, വിധു, ഗജരാജ്, സ്വാസിക, അവിനാഷ് രഘുദേവന്‍, രാകേഷ് രക്കു, കുമാര്‍ നടരാജന്‍, കാര്‍ത്തികേയന്‍ സന്താനം, തമിഴ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം സന്തോഷ് നാരായണന്‍. വലിയ ഹൈപ്പോടെ എത്തിയ ചിത്രമാണെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആദ്യ ആറ് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 104 കോടിയാണ് ചിത്രം നേടിയ കളക്ഷന്‍. നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ട കണക്കാണ് ഇത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ