
നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തിലും കേസുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള അനുഭവങ്ങളിലും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അതിജീവിതയുടെ കുറിപ്പ്
ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം. ഞാന്‍ ജീവിച്ചോട്ടെ.
കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പൊലീസിൽ ഹാജരാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. കേസിൽ മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്. കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ