
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ നടി റിയ ചക്രബർത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഉച്ചയ്ക്ക് 12 മുതൽ എൻഫോഴ്സ്മെന്റ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഇഡിയുടെ മുംബൈ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ഹാജരാകാൻ സമയം നീട്ടി ചോദിച്ച റിയയുടെ അപേക്ഷ എൻഫോഴ്സ്മെൻറ് തള്ളിയിരുന്നു. സുപ്രീംകോടതി അടുത്ത ആഴ്ച ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സാവകാശം വേണമെന്നായിരുന്നു റിയയുടെ അഭിഭാഷകൻ എൻഫോഴ്സ്മെൻറിനെ അറിയിച്ചത്.
എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ മറുപടി. തുടർന്ന് 12 മണിയോടെ റിയ ചോദ്യം ചെയ്യലിന് ഹാജരായി. അതിനിടെ, സുശാന്തിൻറെ മുൻ ബിസിനസ് മാനേജർ ശ്രുതി മോദി, സുഹൃത്ത് സിദ്ധാർത്ഥ് പട്ടാനി എന്നിവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻറ് നോട്ടീസ് നൽകിയിട്ടുണ്ട്.
റിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ കള്ളപ്പണം വെളുപ്പിക്കാൻ റിയയും റിയയുടെ സഹോദരനും ഉപയോഗിച്ചെന്ന സുശാന്തിന്‍റെ അച്ഛന്‍റെ പരാതി ഗൗരവമുള്ളതായാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കാണുന്നത്. സുശാന്തിന്‍റെ പേരിലുള്ള കമ്പനികളിലെല്ലാം റിയയും സഹോദരൻ ഷൗവിക് ചക്രബർത്തിയും പങ്കാളികളാണ്.
15 കോടിയിലധികം ഷൗവിക് ഈ കമ്പനികൾ മറയാക്കി വെളുപ്പിച്ചെന്നാണ് ബീഹാർ പൊലീസിന് നൽകിയ പരാതി. സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബീഹാർ പൊലീസെടുത്ത എഫ്ഐആറിന്‍റെ പകർപ്പും ഇഡി ശേഖരിച്ചിട്ടുണ്ട്.
സുശാന്തുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി റിയ മുംബൈ പൊലീസിന് മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുൻപ് അവസാനമായി സുശാന്ത് പല തവണ റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകളും ലഭിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ