സുശാന്ത് സിംഗിന്‍റെ മരണം: ബോളിവു‍ഡിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്

By Web TeamFirst Published Jun 16, 2020, 6:53 AM IST
Highlights

കുടുംബം ഉയർത്തിയ ഗൂഢാലോചനാ ആരോപണങ്ങൾ ശരിവച്ച് കൊണ്ട് സുശാന്തിന്‍റെ ചില സഹപ്രവർത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം സിനിമാ മേഖലയിലെ വൈര്യത്തിലേക്കും നീളുന്നത്.

മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ ആത്മഹത്യയിൽ ബോളിവു‍ഡിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പൊലീസ്. താരത്തെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ കൂടി പരിഗണിച്ചാണ് അന്വേഷണം. അതിനിടെ ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനും നടി ആലിയ ഭട്ടിനുമെതിരെ സൈബർ ആക്രണം രൂക്ഷമായി.

സുശാന്തിന്‍റെ കുടുംബം ഉയർത്തിയ ഗൂഢാലോചനാ ആരോപണങ്ങൾ ശരിവച്ച് കൊണ്ട്  ചില സഹപ്രവർത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം സിനിമാ മേഖലയിലെ വൈര്യത്തിലേക്കും നീളുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചത്. സുശാന്തിന്‍റേത് ദുർബല മനസാണെന്ന പ്രചാരണം കള്ളമാണെന്നും സിനിമാ മേഖലയിൽ നിന്ന് സുശാന്തിനെ പുറത്താക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും നടി കങ്കണ റണൗത്ത് വീഡിയോ സന്ദേശത്തിൽ ആരോപിച്ചിരുന്നു.

സുശാന്ത് സിനിമാമേഖലയിൽ പൂർണമായി ഒറ്റപ്പെട്ട് പോയെന്ന് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റും സുഹൃത്തുമായി സപ്ന ഭാവ്നാനി ട്വീറ്റ് ചെയ്തു. സുശാന്തിനെ ഒതുക്കാൻ ശ്രമിച്ചവരെ അറിയാമെന്ന് സംവിധായകൻ ശേഖർ കപൂറും പറഞ്ഞു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് സുശാന്ത് തന്നെ ഒരിക്കൽ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ആത്മഹത്യാക്കുറിപ്പ് ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളിലൂടെ ആത്മഹത്യാപ്രേരണ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് ഫോണിൽ വിളിച്ച നടി റിയാ ചക്രബൊർത്തിയുടേയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി ഇക്കാര്യത്തില്‍ നിർണായകമായേക്കും.

സുശാന്തിന്‍റെ മരണത്തിൽ അനുശോചനക്കുറിപ്പ് എഴുതിയതിന് പിന്നാലെയാണ് കരൺ ജോഹറിനും ആലിയാ ഭട്ടിനും എതിരെ സൈബർ ആക്രമണം തുടങ്ങിയത്. മുമ്പൊരിക്കൽ കോഫീ വിത്ത് കരൺ ഷോയിൽ സുശാന്ത് ആരാണെന്നായിരുന്നു നടി ആലിയ ഭട്ട് ചോദിച്ചത് എന്ന് വിമർശകർ ഓർമിപ്പിക്കുന്നു. സുശാന്തിനെ ഒതുക്കുന്നതിൽ ബോളിവുഡിലെ കരുത്തനായ കരൺ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെൻഡിംഗ് ആയിരിക്കുകയാണ്.

click me!