
ഹോളിവുഡ് താരങ്ങളെ വേട്ടയാടാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരെ ഒറ്റ നോട്ടം കൊണ്ട് നേരിട്ട സിഡ്‌നി സ്വീനിയാണ് ഇപ്പോൾ എക്‌സിലെ താരം. 'യൂഫോറിയ' എന്ന സീരീസിലൂടെ ലോകമെമ്പാടുമുള്ള യുവതലമുറയുടെ പ്രിയങ്കരിയായി മാറിയ ഈ 28കാരിയുടെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ ഇപ്പോൾ 'ജെൻ സി സ്റ്റെയർ ഓഫ് സുപ്പീരിയോറിറ്റി' എന്ന പേരിൽ മീം ലോകം കീഴടക്കിയിരിക്കുകയാണ്. ചോദ്യത്തിന് മറുപടി നൽകാതെ, നേരിയ പുരികം ഉയർത്തി, മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാതെ, ചോദ്യകർത്താവിനെ തുറിച്ചുനോക്കിയ സ്വീനിയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സിഡ്‌നി സ്വീനിയെ വിവാദത്തിലാക്കിയ അമേരിക്കൻ ഈഗിൾ ജീൻസിന്റെ പരസ്യത്തിൽ നിന്നാണ് ഈ 'സൂപ്പീരിയോറിറ്റി സ്റ്റാർ' പിറക്കുന്നത്. "Sydney Sweeney has great genes" എന്ന ടാഗ്‌ലൈനോട് കൂടിയ പരസ്യമായിരുന്നു അത്. ഇതിനെതിരെ വലിയ വിമർശനം ഉയർന്നു. ജി.ക്യു മാഗസിൻ അഭിമുഖത്തിനിടെ, ഈ ആരോപണങ്ങളെക്കുറിച്ച് സ്വീനിക്ക് നേരെ ചോദ്യം ഉയർന്നു. എന്നാൽ, അതിന് മറുപടി നൽകുന്നതിന് പകരം, ചോദ്യമുന്നയിച്ചയാളെ തറപ്പിച്ച് നോക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മാധ്യമങ്ങൾ 'കെണിയൊരുക്കി' ചോദിക്കുന്ന ഇത്തരം ചോദ്യങ്ങളോടുള്ള ജെൻ സി തലമുറയുടെ 'Intolerance for media bait' പ്രതീകമായി ഈ നോട്ടം കണക്കാക്കുന്നു.
സ്വീനിയുടെ ഈ നോട്ടത്തെ താരതമ്യം ചെയ്തത് ശക്തിശാലികളായ കഥാപാത്രങ്ങളോടാണ്. മാർവലിലെ ശക്തനായ കഥാപാത്രമായ 'സൈക്ലോപ്‌സി'ന്റെ തീവ്രമായ നോട്ടത്തോടും, 'ട്വൈലൈറ്റ്' സിനിമയിലെ 'വോൾട്ടൂരി'യുടെ ഭാവത്തോടുമാണ് പലരും ഈ നോട്ടത്തെ ഉപമിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പുച്ഛത്തോടെ നേരിട്ട സ്വീനിയുടെ ഈ പ്രതികരണം, മുഖ്യധാരാ മാധ്യമങ്ങളുടെ ചോദ്യശരങ്ങളെ ചെറുത്തുനിൽക്കുന്ന യുവതാരങ്ങളുടെ പുതിയ മുഖമായി മാറുകയാണ്. എന്തായാലും, ഒരു സംസാരവുമില്ലാതെ, കണ്ണുകൾ കൊണ്ട് സൈബർ ലോകത്തെ പിടിച്ചടക്കിയ സിഡ്‌നി സ്വീനിയാണ് നിലവിലെ സോഷ്യൽ മീഡിയ ട്രെൻഡ്.