ഗുരുവാകാൻ അഭ്യര്‍ഥിച്ചപ്പോള്‍ അമിതാഭ് ബച്ചൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ചിരഞ്ജീവി

By Web TeamFirst Published Aug 21, 2019, 5:32 PM IST
Highlights

സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലേക്ക് അമിതാഭ് ബച്ചൻ എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ചിരഞ്ജീവി.

ചിരഞ്ജീവി നായകനായി എത്തുന്ന സെയ് റാ നരസിംഹ റെഡ്ഡിയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി അഭിനയിക്കുമ്പോള്‍ നായകകഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായിട്ടാണ് അമിതാഭ് ബച്ചൻ എത്തുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലേക്ക് അമിതാഭ് ബച്ചൻ എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ചിരഞ്ജീവി.

അമിതാഭ് ബച്ചൻ സിനിമയുടെ ഭാഗമാകണമെന്ന് സംവിധായകൻ ആഗ്രഹിച്ചു. അദ്ദേഹത്തെ വേണമെന്ന് എനിക്കും ആഗ്രഹമുണ്ടായതിനാല്‍ ഫോണില്‍ വിളിക്കുകയും ചെയ്‍തു. എന്താണ് വേണ്ടത് എന്ന് പറയൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അധികമാരും പാടിപ്പുകഴ്‍ത്താത്ത നായകൻ  നരസിംഹ റെഡ്ഡിയെ കുറിച്ച് ഒരു സിനിമ ചെയ്യുന്നുണ്ട്, അതില്‍ ഒരു പ്രധാന കഥാപാത്രമുണ്ട്, ഒരു ഗുരു, ടീച്ചര്‍ എന്ന് ഞാൻ പറഞ്ഞു.  ചിരഞ്ജീവി, താങ്കള്‍ ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതാദ്യമായാണ് താങ്കള്‍ എന്നില്‍ നിന്ന് ഒരു കാര്യം ആവശ്യപ്പെടുന്നത്. ഞാൻ അത് ചെയ്യാം എന്നായിരുന്നു അമിതാഭ് ബച്ചന്റെ മറുപടി- ചിരഞ്ജീവി പറയുന്നു. അദ്ദേഹത്തെപ്പോലെയൊരു മെഗാസ്റ്റാര്‍ സിനിമയുടെ ഭാഗമാകാമെന്ന് പെട്ടെന്നുതന്നെ പറഞ്ഞത് വലിയ സന്തോഷമായെന്നും ചിരഞ്ജീവി പറഞ്ഞു. ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

click me!