തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

By Web TeamFirst Published Mar 22, 2021, 12:50 PM IST
Highlights

മലയാളചിത്രം ഉസ്‍താദ് ഹോട്ടലില്‍ ചെറുതെങ്കിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു

ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധേയ നടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) അന്തരിച്ചു. ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്‍താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ചാണ് അന്ത്യം.

കാര്‍ത്തിക്കിന് ശ്രദ്ധേയ വേഷങ്ങള്‍ നല്‍കിയ സംവിധായകന്‍ സീനു രാമസാമിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. "എന്‍റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്‍റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആദരാഞ്ജലികള്‍ ഗണേശാ", സീനു രാമസാമി ട്വീറ്റ് ചെയ്‍തു.

எனது படங்களில் நடித்து வந்த சிறந்த நடிகன் தம்பி கார்த்தி என்ற தீப்பெட்டி கணேசன் உடல்நலக்குறைவு காரணமாக மதுரை இராஜாஜி அரசு மருத்துவமனையில் காலமான செய்தி கேட்டு உள்ளம் கலங்கினேன்.அன்புநிறை
இதய அஞ்சலி கணேசா.. pic.twitter.com/TWQIHHgElt

— R.Seenu Ramasamy (@seenuramasamy)

ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാര്‍ത്തിക് നടന്‍ അജിത്തിനോട് സഹായം അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അജിത്ത് മാത്രമാണ് തന്നെ യഥാര്‍ഥ പേരായ കാര്‍ത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്‍റെ ദുരവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം സഹായിക്കുമെന്നും കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞിരുന്നു. രാഘവ ലോറന്‍സ്, സ്നേഹന്‍ എന്നിവര്‍ കാര്‍ത്തിക്കിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. 

click me!