
പാ രഞ്‍ജിത്ത് സംവിധാനം ചെയ്‍ത ചിത്രമാണ് 'നക്ഷത്തിരം നകര്‍കിരത്'. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
രജനികാന്ത് അഭിനന്ദിച്ച് കാര്യം പാ രഞ്‍ജിത്ത് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'നക്ഷത്തിരം നകര്‍കിരത്' കണ്ടതിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അഭിനന്ദിച്ചത് വളരയേറെ സ്‍പര്‍ശിച്ചു. സംവിധാനം, എഴുത്ത്, അഭിനേതാക്കള്‍, ഛായാഗ്രാഹണം, സംഗീതം എല്ലാത്തിലും ഇത് മികച്ച സൃഷ്‍ടിയാണ് എന്ന് പറഞ്ഞു. നന്ദി സര്‍ എന്നും പാ രഞ്‍ജിത്ത് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ അനുരാഗ് കശ്യപും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
പാ രഞ്‍ജിത്തിന്റേതായി ഇതിനുമുമ്പ് പുറത്തെത്തിയത് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'സര്‍പട്ട പരമ്പരൈ' ആണ്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന 'നക്ഷത്തിരം നകര്‍കിരത്' പാ രഞ്‍ജിത്തിന്‍റെ മുന്‍ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കുമെന്ന റിലീസിനു മുന്നേ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന 'ആട്ടക്കത്തി'ക്കു ശേഷം പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ഡ്രാമയുമാണ് ഇത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആണ്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്‍ജിത്ത്, വിഘ്‍നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.
Read More : 'സൈറണി'ല്‍ അനുപമ പരമേശ്വരനും, ജയം രവി ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്