സുശാന്ത് സിംഗ് രാജ്പുത് കൊല ചെയ്യപ്പെട്ടതാണെന്ന എല്ലാ വാദവും തള്ളി ഡോക്ടര്‍മാരുടെ സംഘം

By Web TeamFirst Published Oct 3, 2020, 2:32 PM IST
Highlights

സിബിഐ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്‍റേതാണ് റിപ്പോര്‍ട്ട്. നേരത്തെ സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ എയിംസിലെ ഡോക്ടര്‍ സുശാന്തിന്‍റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. 

ദില്ലി: ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുത് കൊല ചെയ്യപ്പെട്ടതാണെന്ന എല്ലാ വാദവും തള്ളി ദില്ലി എയിംസിലെ ഡോക്ടര്‍മാരുടെ സംഘം. വിഷം കൊടുത്തതായും കഴുത്ത് ഞെരിച്ചും സുശാന്ത് കൊല്ലപ്പെട്ടതായുള്ള എല്ലാ അഭ്യൂഹങ്ങളേയും തള്ളിയാണ് എയിംസ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. സുശാന്തിന്‍റേത് ആത്മഹത്യയാണെന്നും കൊലപാതകം സംബന്ധിച്ച വാദങ്ങള്‍ തെറ്റാണെന്ന് വിശദമാക്കി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്.

സിബിഐ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്‍റേതാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിബിഐയ്ക്കായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുംബൈ പൊലീസിന്‍റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുശാന്ത് ആത്മഹത്യ ചെയ്തതായാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുശാന്തിന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് കേസില്‍ സിബിഐ അന്വേഷണം നടക്കുന്നത്. നേരത്തെ സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ എയിംസിലെ ഡോക്ടര്‍ സുശാന്തിന്‍റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. 

ജൂണ്‍ 14നാണ് മുപ്പത്തിനാലുകാരനായ സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കണ്ടെത്താനുള്ള അന്വേഷണം സിബിഐ തുടരുമെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യ തെളിവുകളും ഇതൊരു ആത്മഹത്യയാവാനാണ് സാധ്യതയെന്ന് വ്യക്തമാക്കുന്നതായിരുന്നു. സുശാന്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തി മാനസികമായി പീഡിപ്പിച്ചതായാണ് സുശാന്തിന്‍റെ കുടുംബത്തിന്‍റെ ആരോപണം. കേസില്‍ 57 ദിവസത്തിനുള്ളില്‍ 20 പേരെയാണ് സിബിഐ ചോദ്യം ചെയ്തിട്ടുള്ളത്. കൊലപാതകത്തിലേക്കുള്ള എല്ലാ സാധ്യതകളും പരിശോധിച്ചതായും അത്തരമൊരു സൂചനകളും ഇല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡി ടിവി വ്യക്തമാക്കുന്നത്. 

click me!