ക്രൂവിനൊപ്പം കശ്‍മീരിലേക്ക് പറന്ന് വിജയ്; 'ദളപതി 67' പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു

By Web TeamFirst Published Feb 3, 2023, 4:25 PM IST
Highlights

സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് നിര്‍മ്മാണം

തെന്നിന്ത്യന്‍ സിനിമയില്‍ പ്രേക്ഷക പ്രതീക്ഷയില്‍ മുന്നിലുള്ള പ്രോജക്റ്റ് ആണ് വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ്. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്‍റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം എത്തുന്നത്. ചിത്രത്തിന്‍റെ പ്രധാന താരനിരയെ കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂളും ആരംഭിച്ചിരിക്കുകയാണ്. കശ്മീര്‍ ആണ് ലൊക്കേഷന്‍.

ഒഫിഷ്യല്‍ ലോഞ്ചിനു മുന്‍പേ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ജനുവരി 2 ന് ആയിരുന്നു ആരംഭം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഷെഡ്യൂള്‍ കശ്‍മീരില്‍ ആണ്. ലോകേഷ്, നായിക തൃഷ എന്നിവരടക്കമുള്ള ക്രൂവിനൊപ്പം വിമാനത്തില്‍ കശ്മീരിലേക്ക് പറക്കുന്ന വിജയ്‍യുടെ വീഡിയോ അണിയറക്കാര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്.

ALSO READ : കേരളത്തില്‍ മലയാളചിത്രങ്ങളെയും മറികടന്ന് 'പഠാന്‍റെ' പടയോട്ടം; 105 സ്ക്രീനുകളില്‍ നിന്ന് ഒരാഴ്ചകൊണ്ട് നേടിയത്

KASHMIR SCHEDULE BEGINS pic.twitter.com/7iWp2EZFXF

— Jagadish (@Jagadishbliss)

തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. രാംകുമാര്‍ ബാലസുബ്രഹ്‍മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിക്രത്തിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്നതും ഈ പ്രോജക്റ്റില്‍ പ്രേക്ഷക പ്രതീക്ഷകള്‍ ഏറ്റുന്ന കാര്യമാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

click me!