Asianet News MalayalamAsianet News Malayalam

കേരളത്തില്‍ മലയാളചിത്രങ്ങളെയും മറികടന്ന് 'പഠാന്‍റെ' പടയോട്ടം; 105 സ്ക്രീനുകളില്‍ നിന്ന് ഒരാഴ്ചകൊണ്ട് നേടിയത്

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലെ തിയറ്ററുകളില്‍ ഒരു ബോളിവുഡ് ചിത്രം കാണാന്‍ പ്രേക്ഷകര്‍ കൂട്ടമായി എത്തുന്നത്

pathaan surpasses malayalam movies in kerala alone mohanlal shah rukh khan nsn
Author
First Published Feb 1, 2023, 1:50 PM IST

ബോളിവുഡ് വ്യവസായത്തിന് വന്‍ തിരിച്ചുവരവാണ് ഷാരൂഖ് ചിത്രം പഠാന്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്ത് തകര്‍ച്ച നേരിട്ട വ്യവസായത്തെ ഒറ്റ ചിത്രത്തിലൂടെ തിരികെയെത്തിച്ചിരിക്കുകയാണ് കിംഗ് ഖാന്‍. മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും സാധിക്കാതിരുന്ന കാര്യം, അതും നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള സ്വന്തം തിരിച്ചുവരവ് ചിത്രത്തിലൂടെ സാധിച്ചു എന്നതില്‍ ഷാരൂഖിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ജനപ്രളയം തന്നെ സൃഷ്ടിച്ച ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കുന്നുണ്ട്. വിശേഷിച്ച് കേരളത്തില്‍.

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലെ തിയറ്ററുകളില്‍ ഒരു ബോളിവുഡ് ചിത്രം കാണാന്‍ പ്രേക്ഷകര്‍ കൂട്ടമായി എത്തുന്നത്. ഷാരൂഖ് ഖാന്‍ ഫാന്‍ ബേസ് ഉള്ള സ്ഥലമാണ് കേരളം. ആദ്യ ദിനം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ വാരാന്ത്യത്തില്‍ നിരവധി ഹൌസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഒപ്പം പല സെന്‍ററുകളിലും എക്സ്ട്രാ ഷോകളും ആഡ് ചെയ്തു. ഇപ്പോഴിതാ ആദ്യ വാരം കേരളത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള. 105 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ കേരളത്തിലെ റിലീസ്. ശ്രീധര്‍ പിള്ള നല്‍കുന്ന കണക്കനുസരിച്ച് ഇത്രയും സ്ക്രീനുകളില്‍ നിന്ന് 10 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്.

അതേസമയം അതേ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ പല മലയാള ചിത്രങ്ങളേക്കാളും കളക്ഷന്‍ നേടിയിട്ടുണ്ട് പഠാന്‍ എന്നതും കൌതുകമാണ്. പഠാന്‍ എത്തിയതിനു പിറ്റേദിവസം റിലീസ് ചെയ്യപ്പെട്ട ഷാജി കൈലാസിന്‍റെ മോഹന്‍ലാല്‍ ചിത്രം എലോണിന് ബോക്സ് ഓഫീസില്‍ മോശം പ്രതികരണമാണ് ലഭിച്ചത്. ആദ്യ നാല് ദിനങ്ങളില്‍ ചിത്രത്തിന് നേടാനായത് 68 ലക്ഷം മാത്രമാണെന്നാണ് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ലിജോയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ബോക്സ് ഓഫീസില്‍ കാര്യമായി ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios