
ചെന്നൈ: ദളപതി വിജയ്‍യുടെ 51ാം പിറന്നാളിന് ആരാധകർക്ക് ആഘോഷിക്കാൻ ജനനായകന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. 'ഫസ്റ്റ് റോര്‍' പേരിലാണ് അണിയറ പ്രവർത്തകർ കാക്കിയിട്ട വിജയ്‍യെ അരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. ബിഗ് സ്ക്രീന്‍ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് വിജയ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്‍റെ ഭാഗമായി അഭിനയിക്കുന്ന അവസാന ചിത്രമാണ് ജനനായകന്‍. ഇതിനകം തന്നെ ചിത്രത്തിന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദറിന്‍റെ ടീസറിലെ സംഗീതം ഒപ്പം തന്നെ വൈറലായിട്ടുണ്ട്. 'ജനനായകൻ' ഫസ്റ്റ് റോർ വീഡിയോ വിജയ്‌യുടെ കഥാപാത്രം കൈവശം വച്ചിരിക്കുന്ന വാളിലെ ഡീറ്റെയിലിംഗ് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ വിജയ് ഫാന്‍സ്. വാളിന്‍റെ പിടിയില്‍ ദളപതി എന്ന് എഴുതിയിട്ടുണ്ടെന്നാണ് വിജയ് ഫാന്‍സ് കണ്ടെത്തിയിരിക്കുന്നത്.
'ഒരു യഥാർത്ഥ നേതാവിന്‍റെ ഉദയം അധികാരത്തിനു വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടിയാണ്' എന്നെഴുതി കാണിച്ചുകൊണ്ടാണ് ടീസർ തുടങ്ങുന്നത്. പിന്നാലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന വിധത്തിൽ മാസ് ലുക്കിൽ കാക്കി വേഷത്തിൽ വിജയ്‍യെ പരിചയപ്പെടുത്തുന്നു.
എച്ച് വിനോദാണ് ജനായകന്‍റെ സംവിധായകൻ. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.
ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നും സൂചനയുണ്ട്. ചിത്രത്തില്‍ വിജയ് പാടുന്ന ഒരു ഗാനം വണ്‍ ലാസ്റ്റ് സോംഗ് എന്ന പേരിൽ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജനനായകന്റെ അണിയറ പ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.