'അദ്ദേഹത്തിന്‍റെ അടികൊണ്ട് അന്ന് ഞാന്‍ നിലത്തുവീണു, ഇന്ന് കുടുംബം പട്ടിണിയില്‍'; വിജയ്‍ക്കെതിരെ ആരോപണങ്ങളുമായി മുന്‍ സഹായി

Published : Feb 27, 2026, 06:50 PM IST
thalapathy vijays former personal assistant selvaraj allegations against actor in viral interview

Synopsis

തമിഴ് നടൻ വിജയ്‍യുടെ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് സെൽവരാജ്, താരത്തിനൊപ്പമുള്ള പത്ത് വർഷത്തെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു

തമിഴ് സൂപ്പര്‍താരവും ടിവികെ അധ്യക്ഷനുമായ വിജയ്‍ക്കൊപ്പമുള്ള പത്ത് വര്‍ഷത്തിലേറെ നീണ്ട തൊഴില്‍ അനുഭവം പറഞ്ഞ് മുന്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് സെല്‍വം എന്ന സെല്‍വരാജ്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സെല്‍വം പറയുന്നത് കൂടുതലും നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എപ്പോഴും സ്വന്തം മുറിയിലേക്ക് പോകുന്ന വിജയ്‍ക്ക് സെറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും ധാരണ ഉണ്ടാവാറില്ലെന്നും മേക്കപ്പ്മാന്‍, ഡ്രൈവര്‍ അടക്കമുള്ള മറ്റ് പേഴ്സണല്‍ ടീം തന്നെ ഒരു ശത്രുവിനോടെന്ന പോലെയാണ് പെരുമാറിയിരുന്നതെന്നും ഒടുവില്‍ വിജയ് തന്നെ പുറത്താക്കിയെന്നും സെല്‍വരാജ് പറയുന്നു. സംവിധായകനും വിജയ്‍യുടെ അച്ഛനുമായ എസ് എ ചന്ദ്രശേഖറിനൊപ്പം ജോലി ചെയ്ത പരിചയത്തിലാണ് സെല്‍വരാജ് വിജയ്‍യുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് എന്ന ജോലിയിലേക്ക് എത്തിയത്. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത 60 സിനിമകളില്‍ താന്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെല്‍വരാജ് പറയുന്നു.

വിജയ്‍ക്കൊപ്പമുള്ള ജീവിതം പറഞ്ഞ് സെല്‍വരാജ്

“വിജയ് സാറിനെ അദ്ദേഹത്തിന്‍റെ 15-ാം വയസ് മുതല്‍ എനിക്ക് അറിയാം. ഒപ്പം യാത്ര ചെയ്തിട്ടുണ്ട്. രാജേന്ദ്രന്‍ എന്ന ഒരാളായിരുന്നു അദ്ദേഹത്തിന്‍റെ ഡ്രൈവര്‍. വിജയ് സാറിന്‍റെ അച്ഛന്‍ ആണ് എന്‍റെ വിവാഹം നടത്തിയത്. വിജയ്ക്കൊപ്പം ഉണ്ടായിരുന്ന പേഴ്സണല്‍ അസിസ്റ്റന്‍റിന് പ്രൊഡക്ഷന്‍ ഫുഡ് കഴിച്ച് ഫുഡ് പോയിസണ്‍ വന്നപ്പോള്‍ വിജയ് സാറിനൊപ്പമുള്ളവര്‍ മറ്റൊരാളിനെ നോക്കുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് നേരിട്ട് ചെന്ന് ചോദിച്ചു, ആ അവസരം എനിക്ക് തരുമോ എന്ന്. അദ്ദേഹം സമ്മതിച്ചു. എന്നാല്‍ വിജയ്‍ക്ക് ഒപ്പമുള്ളവര്‍ ഒരു ശത്രുവിനെപ്പോലെയാണ് എന്നെ നോക്കിയത്. വിജയ്ക്ക് ഭക്ഷണം എത്തിക്കലായിരുന്നു പ്രധാന ജോലി. തുപ്പാക്കിയുടെ ബോംബെ ഷെഡ്യൂള്‍ സമയത്തൊക്കെ വിജയ്‍ സാറിനായി തയ്യാറാക്കി ഞാന്‍ കൊണ്ടുവന്നിരിക്കുന്ന ഭക്ഷണത്തില്‍ ഉപ്പ് ഇടുമെന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പുലി സിനിമയുടെ തലക്കോണം ഷെഡ്യൂളില്‍ ഏറെ വേദനിപ്പിച്ച ഒരു അനുഭവം ഉണ്ടായി”, സെല്‍വരാജ് പറയുന്നു.

“ഷൂട്ടിം​ഗിനായി തലക്കോണത്ത് വിജയ് സാറിന് താമസിക്കാന്‍ റൂം അറേഞ്ച് ചെയ്തിരുന്നു. ചിത്രത്തിന്‍റെ ക്യാമറാമാനും അതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഞാന്‍ അതേ സ്ഥലത്ത് മറ്റൊരു വീട്ടിലും. വിജയ് സാറിന് അവിടെയും ഭക്ഷണം എത്തിക്കുന്നത് ഞാനായിരുന്നു. ഒരു ദിവസം രാത്രി വൈകി ഭക്ഷണവുമായി ഞാന്‍ അദ്ദേഹം താമസിക്കുന്നിടത്തെത്തി. റൂമിനുള്ളില്‍ അദ്ദേഹം ഫോണില്‍ ആരോടോ ദേഷ്യപ്പെടുന്നതും പൊട്ടിത്തെറിക്കുന്നതുമൊക്കെ കേള്‍ക്കാം. ഫോണ്‍ കട്ട് ചെയ്ത് നേരെ വന്ന് ഭക്ഷണം കഴിച്ചു. കണ്ണൊക്കെ കലങ്ങി ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ദേഷ്യം ആ കണ്ണില്‍ കാണാമായിരുന്നു. എല്ലാം കഴിച്ച് കഴിഞ്ഞിട്ട് ഒരു പ്ലേറ്റ് ചൂണ്ടിക്കാട്ടി ഇതെന്താണെന്ന് എന്നോട് ചോദിച്ചു. മുന്‍പൊരിക്കല്‍ കൊണ്ടുവന്ന ഭക്ഷണത്തില്‍ നിന്ന് മുടി കിട്ടിയത് അദ്ദേഹത്തിന്‍റെ മനസില്‍ ഉണ്ടായിരുന്നു. ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ഒറ്റ അടിയാണ് എന്നെ. രാത്രി 12 മണി സമയമാണ് ഇത്. അടി കൊണ്ട് ഞാന്‍ നിലത്ത് വീണു. എനിക്കൊന്നും മനസിലായില്ല. എന്തിനാണ് എന്നെ അടിച്ചതെന്ന് ഓര്‍ത്തു. ഒന്നും മനസിലാവാതെ നിലത്തിരുന്ന സമയത്ത് എന്‍റെ നെഞ്ചത്തും അദ്ദേഹം ചവുട്ടി. പിറ്റേന്ന് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു. മറ്റ് ചില കാര്യങ്ങളിലുള്ള ദേഷ്യം എന്‍റെ നേരെ തീര്‍ത്തതാണെന്ന് തുറന്ന് പറഞ്ഞു. വേറെ ആരുടെ നേര്‍ക്ക് കാട്ടുമെന്നും ചോദിച്ചു. അത് സാരമില്ലെന്ന് ഞാന്‍ പറഞ്ഞു”, സെല്‍വരാജ് പറയുന്നു.

“പിന്നീട് ഭൈരവ സിനിമയുടെ ലൊക്കേഷനില്‍ വിജയ്‍യുടെ ടീമിലുള്ള, എന്നോട് ദേഷ്യമുണ്ടായിരുന്ന ചിലര്‍ അദ്ദേഹത്തിനായി തയ്യാറാക്കിവച്ച ഭക്ഷണത്തില്‍ മുടി കൊണ്ടിവന്നിട്ടു. ഞാനത് കണ്ടില്ല. എന്നെ പറഞ്ഞുവിട്ടു. ഞാന്‍ അഭിനയിക്കുന്ന പടങ്ങളില്‍ പ്രൊഡക്ഷനില്‍ ജോലി ചെയ്തോളൂ, പേഴ്സണല്‍ അസിസ്റ്റന്‍റ് ആകേണ്ട എന്ന് പറഞ്ഞു. അത് രാജേന്ദ്രന്‍ നോക്കിക്കോളും (ഡ്രൈവര്‍) എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് പിന്നീടും വിജയ് സാറിന്‍റെ പടങ്ങളില്‍ പ്രൊഡക്ഷന്‍ സൈഡില്‍ ജോലി ചെയ്തിട്ടുണ്ട്. ഗോട്ട് ഷൂട്ടിംഗ് സമയത്ത് പ്രസാദ് സ്റ്റുഡിയോയില്‍ വച്ച് അറ്റാക്ക് വന്നു. സര്‍ജറി ചെയ്യേണ്ടിവന്നു. 10 ലക്ഷം ചെലവായി. പലിശയ്ക്ക് പണം വാങ്ങിയാണ് സര്‍ജറി ചെയ്തത്. 2 വര്‍ഷം മുന്‍പായിരുന്നു അത്. വിജയ് സാറിനോട് സഹായം ചോദിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹത്തെ കാണാന്‍ ഒപ്പമുള്ളവര്‍ അനുവദിക്കുന്നില്ല. ജോലി അന്വേഷിക്കുമ്പോള്‍ വിജയ് സാറിനോട് ചോദിച്ചാല്‍ ഒരു വലിയ എമൗണ്ട് കിട്ടില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. മറ്റൊരിടത്ത് എനിക്ക് ജോലി കിട്ടിയില്ല. വിജയ്‍യുടെ കൂടെ നടന്ന ആളല്ലേ, ബാങ്കില്‍ ഇഷ്ടംപോലെ പൈസ കാണും എന്നാണ് ആളുകള്‍ പറയുന്നത്. എന്‍റെ ഭാര്യയുടെ കഴുത്തില്‍ താലി പോലുമില്ല. ഒരു ചരട് മാത്രമാണ് ഉള്ളത്. മകളുടെ വിവാഹത്തിന് കുടുംബമായി ചെന്ന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. വന്നില്ല, സഹായമൊന്നും തന്നില്ല. വിജയ് കാരണം ഇന്ന് ഭക്ഷണത്തിന് പോലും ഞാന്‍ കഷ്ടപ്പെടുകയാണ്. രണ്ട് മാസമായി വീട്ടുവാടക കൊടുത്തിട്ട്”, സെല്‍വരാജ് പറയുന്നു. വിജയ്‍യെപ്പറ്റി ഒന്നും പറയരുത് എന്നാണ് ഇങ്ങോട്ട് വന്നപ്പോള്‍ ഭാര്യ പറഞ്ഞതെന്നും തന്‍റെ മകന്‍ ഒരു വിജയ് ആരാധകനാണെന്നും കൂട്ടിച്ചേര്‍ക്കുന്നു സെല്‍വരാജ്. നിവൃത്തികേടുകൊണ്ടാണ് ആദ്യമായി ഇതൊക്കെ പറയേണ്ടിവന്നതെന്നും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആദ്യ സിനിമ പൂര്‍ത്തീകരിക്കുന്നതിനിടെ യുവസംവിധായകന്‍ നിതീഷ് സുധ അന്തരിച്ചു
നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം