
അർജുൻ അശോകൻ നായകനാകുന്ന ചിത്രം ‘തലവര’ ഉടന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. വ്യത്യസ്തമായ ലുക്കിലാണ് അർജുൻ അശോകമൻ ഈ ചിത്രത്തിൽ എത്തുന്നത്. ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രം അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. ഒരു പക്ക പാലക്കാടൻ സംസാരശൈലിയാണ് ചിത്രത്തിൽ എന്നാണ് ടീസർ നൽകുന്ന സൂചന. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ പ്രേഷകർ ഏറ്റെടുത്തിരുന്നു.
ആദ്യം പുറത്തിറങ്ങിയ 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന ഗാനവും അതിന് പിന്നാലെ 'ഇലകൊഴിയേ....എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം 'കിലുകിൽ പമ്പരം' സിനിമയിൽ എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേർന്ന് പാടിയ 'തലവരക്കൊരു തിളക്കം വച്ചപ്പോ കിടച്ച സൗഭാഗ്യം' എന്ന ഗാനത്തിന് താരങ്ങൾ ചുവടുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. തലവര ചിത്രത്തിന്റെ പ്രൊമോഷനെത്തിയ സമയത്തതായിരുന്നു താരങ്ങൾ ആ പഴയ ഗാനത്തിന് ചുവടു വെച്ചത്. മഹേഷ് നാരായണനും ഷെബിൻ ബെക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.