തല്ലുമാലയുടെ നെറ്റ്ഫ്ലിക്സ് റിലീസ്; സബ്ടൈറ്റിലുമായി ബന്ധപ്പെട്ട് വിവാദം

Published : Sep 12, 2022, 06:49 PM ISTUpdated : Sep 12, 2022, 06:53 PM IST
തല്ലുമാലയുടെ നെറ്റ്ഫ്ലിക്സ് റിലീസ്; സബ്ടൈറ്റിലുമായി ബന്ധപ്പെട്ട് വിവാദം

Synopsis

തല്ലുമാലയുടെ സബ് ടൈറ്റില്‍ ചെയ്ത  കമ്പനിയായ 'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആരോപണവുമായി രംഗത്ത് എത്തിയത്.  

കൊച്ചി: സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രം യുവപ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിച്ച ചിത്രം കൂടിയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സ് ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ കോര്‍ത്തെടുത്താണ് ഖാലിദ് റഹ്‍മാന്‍ ചിത്രം ഒരുക്കിയത്. 

ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടി റിലീസ് ആയി സെപ്തംബര്‍ 11നാണ് നെറ്റ്ഫ്ലിക്സില്‍ എത്തിയത്. ഏറെ കാഴ്ചക്കാരെ ചിത്രം ഓണ്‍ലൈനിലും ഉണ്ടാക്കുന്നു എന്നാണ് വിവിധ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍  വ്യക്തമാക്കുന്നത്.

അതിനിടെയാണ് ചിത്രത്തിന്‍റെ സബ് ടൈറ്റില്‍ സംബന്ധിച്ച്  വിവാദം ഉയരുന്നത്. തല്ലുമാലയുടെ സബ് ടൈറ്റില്‍ ചെയ്ത  കമ്പനിയായ 'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആരോപണവുമായി രംഗത്ത് എത്തിയത്.  'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' എന്ന ഫേസ്ബുക്ക് പേജില്‍ നെറ്റ്ഫ്ലിക്സ് അടക്കമുള്ള എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളെയും അഭിസംബോധന ചെയ്താണ് ഇവര്‍ ഒരു തുറന്ന കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തല്ലുമാല എന്ന ചിത്രത്തിന് വേണ്ടി ആ ചിത്രത്തിന്‍റെ രചിതാവിന്‍റെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സബ്ടൈറ്റില്‍ തയ്യാറാക്കി നെറ്റ്ഫ്ലിക്സിന് നല്‍കിയതെന്നും. എന്നാല്‍ പല എഡിറ്റിംഗുകളും, വെട്ടിമാറ്റലുകളും സബ് ടൈറ്റിലുകളില്‍ നടന്നിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. പ്രത്യേകിച്ച് ഗാനങ്ങളുടെ സബ് ടൈറ്റിലില്‍ വരുത്തിയ മാറ്റങ്ങള്‍  ഗാനങ്ങളുടെ അര്‍ത്ഥം തന്നെ മാറ്റിയതായി ഇവര്‍ ആരോപിക്കുന്നു.

ഏറെ പ്രതീക്ഷയോടെ കത്തിരുന്ന ഒരു വര്‍ക്ക് ആയിരുന്നു തല്ലുമാലയുടെതെന്നും. അത് തീര്‍ത്തും നിരാശയാണ് ഉണ്ടാക്കിയത് എന്നാണ്  'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' ടീം അംഗമായ അനു ഇതില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓണ്‍ലൈന്‍  ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇത്തരത്തില്‍ അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും,അത് അവര്‍ അത്യവശ്യത്തിന് ചെയ്തതാകാം എന്നായിരുന്നു ധാരണ. എന്നാല്‍ തല്ലുമാല പൂര്‍ണ്ണമായും അതിന്‍റെ ക്രിയേറ്റര്‍മാരുടെ  മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ സബ്ടൈറ്റിലാണ്. അതില്‍ ഇത്തരം ഒരു എഡിറ്റിംഗിന്‍റെ ആവശ്യമില്ല, അതിനാലാണ് ഇത്തരം ഒരു പ്രതികരണം നടത്തിയത് എന്നാണ് അനു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

സബ്ടൈറ്റിംലിംഗ് ഒരു കലയാണ് അതില്‍ സബ്ടൈറ്റില്‍ ചെയ്യുന്ന വ്യക്തിയെ അറിയിക്കാതെ അയാളുടെ വര്‍ക്കില്‍ നടത്തുന്ന ഇടപെടല്‍ നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം എന്നാണ്   'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' ടീം പറയുന്നത്. ഇവരുടെ പോസ്റ്റ് തല്ലുമാല സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെക്കാലമായി സബ് ടൈറ്റിലിംഗ് രംഗത്ത് ഇത് നടക്കുന്നുണ്ട് എന്നതാണ് ഈ രംഗത്തെ പരിചയ സമ്പന്നര്‍ അടക്കം പറയുന്നത് എന്നാണ്  'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' പറയുന്നത്. അതിനാല്‍ തന്നെ ഈ ദൌത്യത്തിന് പിന്തുണ പലരും അറിയിച്ചതായും അവര്‍ പറയുന്നു. 

'തല്ലുമാല'യിലെ ആദ്യ തല്ല്; വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

അതേ സമയം ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ തല്ലുമാല തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍.

ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും
 

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും