ആ പൊലീസ് സ്റ്റേഷന്‍ കെട്ടിടവും വിഎഫ്എക്സ്; 'തങ്കം' വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ

By Web TeamFirst Published Mar 20, 2023, 8:50 PM IST
Highlights

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ നവാഹതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം

മലയാള സിനിമയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ വിഎഫ്എക്സ് കമ്പനിയാണ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്. പാല്‍തു ജാന്‍വര്‍, രോമാഞ്ചം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെയൊക്കെ വിഎഫ്എക്സ് വിഭാഗം കൈകാര്യം ചെയ്തത് ഇവരായിരുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ചയിലും ഇത് വിഎഫ്എക്സ് ആണെന്ന് മനസിലാവില്ല എന്നതാണ് എഗ്ഗ്‍വൈറ്റ് ജോലിയില്‍ പ്രൊഫഷണലി പുലര്‍ത്തുന്ന സൂക്ഷ്മത. അവര്‍ ഏറ്റവുമൊടുവില്‍ വിഎഫ്എക്സ് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചത് വിനീത് ശ്രീനിവാസനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തങ്കം ആയിരുന്നു. ഇപ്പോഴിതാ തങ്കത്തിന്‍റെ വിഎഫ്എക്സ് ബ്രേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പുറമേ നിന്നുള്ള ഷോട്ട് വിഎഫ്എക്സ് ആണ്. സഞ്ചരിക്കുന്ന കാറിനുള്ളില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന പല രംഗങ്ങളും ഗ്രീന്‍ സ്ക്രീന്‍ വച്ച് ഇന്‍ഡോറില്‍ ചിത്രീകരിച്ചതാണ്. കാറും പന മരങ്ങളുമൊക്കെ രംഗങ്ങളില്‍ ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട് എഗ്ഗ്‍വൈറ്റ്. 

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ നവാഹതനായ സഹീദ് അറാഫത്ത് ആണ് തങ്കത്തിന്‍റെ സംവിധാനം. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് 'തങ്ക'ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. 

ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ക്യാമറ. ബിജി ബാല്‍ ആണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

ALSO READ : 'പ്രാര്‍ഥനകള്‍ക്ക് നന്ദി'; ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്

click me!