ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ, നസ്‌ലെൻ, നസ്രിയ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം

തമിഴ് സിനിമാപ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാവുന്ന സീന്‍. മോളിവുഡ് ടീമിനൊപ്പം സൂര്യ ഒരുമിക്കുന്ന തമിഴ് സിനിമ എന്നതാണ് സീനിന്‍റെ യുഎസ്‍പി. സൂര്യയ്ക്കൊപ്പം നസ്‍ലെനും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആവേശവും രോമാഞ്ചവും ഒക്കെ ഒരുക്കിയ ജിത്തു മാധവന്‍ ആണ്. നവംബര്‍ 6 ന് ദീപാവലി റിലീസ് ആയാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

യു/എ 16 പ്ലസ് സര്‍ട്ടിഫിക്കേഷന്‍ ആണ് ചിത്രത്തിന്. 149 മിനിറ്റും 16 സെക്കന്‍ഡുമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. അതായത് രണ്ടര മണിക്കൂര്‍. നസ്‍ലെനൊപ്പം സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്‍റെയും കോളിവുഡ് അരങ്ങേറ്റമാണ് സീന്‍. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ വിജയചിത്രങ്ങൾക്ക് ശേഷമെത്തുന്ന സൂര്യ ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സൂര്യ ആരാധകരും. തുടർച്ചയായി മൂന്നാം വിജയം സീനിലൂടെ സൂര്യ നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. സൂര്യയുടെ കരിയറിലെ 47-ാമത് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. സഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം വിനീത് ഉണ്ണി പാലോട്, സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേ, സംഘട്ടനം ചേതൻ ഡിസൂസ, പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ആവേശം സംവിധായകന്‍റെ സൂര്യ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റു പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏതാനും ദിവസം മുന്‍പ് ദുബൈയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവെന്‍റ്. വലിയ പ്രേക്ഷക പ്രതികരണമാണ് പരിപാടി നേടിയത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming