The Kashmir Files : 'കശ്‍മീര്‍ ഫയല്‍സി'ന് വിമര്‍ശനവുമായി കേരളത്തിലെ കോണ്‍ഗ്രസ്; പ്രതികരണവുമായി അനുപം ഖേര്‍

Published : Mar 14, 2022, 06:00 PM IST
The Kashmir Files : 'കശ്‍മീര്‍ ഫയല്‍സി'ന് വിമര്‍ശനവുമായി കേരളത്തിലെ കോണ്‍ഗ്രസ്; പ്രതികരണവുമായി അനുപം ഖേര്‍

Synopsis

വലിയ സാമ്പത്തിക വിജയത്തിലേക്ക് നീങ്ങുകയാണ് ചിത്രം

റിലീസ് ചെയ്‍തിട്ട് മൂന്ന് ദിവസമേ ആയുള്ളുവെങ്കിലും ചെറിയ കാന്‍വാസില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രമാണ് ബോളിവുഡില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ച. പ്രമേയമാക്കിയ വിഷയത്തിന്‍റെ പ്രത്യേകതയാണ് സിനിമയെ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുന്നത്. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ എത്തിയ ദ് കശ്‍മീര്‍ ഫയല്‍സ് (The Kashmir Files) എന്ന ചിത്രമാണ് കളക്ഷനിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും ഒരേപോലെ ട്രെന്‍ഡ് സൃഷ്‍ടിച്ചിരിക്കുന്നത്. 630 സ്ക്രീനുകളില്‍ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ഞായറാഴ്ച രണ്ടായിരത്തിലേറെ തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രം 3 ദിവസം കൊണ്ട് 31.6 കോടി കളക്ഷനും നേടി. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സിനിമ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണെന്ന വിമര്‍ശനം പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്.

ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന വി പി സിംഗ് സര്‍ക്കാരിന്‍റെ കാലത്താണ് കശ്‍മീര്‍ താഴ്‍വരയില്‍ നിന്ന് പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചതെന്നും എന്നിട്ടും ബിജെപി വിഷയത്തില്‍ വിരലനക്കിയില്ലെന്നും ട്വീറ്റില്‍ ആരോപിക്കുന്നു- വി പി സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 1989 ഡിസംബറിലാണ്. പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചത് തൊട്ടടുത്ത മാസം. എന്നിരിക്കിലും 1990 നവംബര്‍ വരെ വി പി സിംഗിനെ പിന്തുണച്ചിരുന്ന ബിജെപി വിഷയത്തില്‍ ഒന്നും ചെയ്‍തില്ല. അന്നത്തെ ഗവര്‍ണര്‍ ജഗ്‍മോഹന്‍റെ നിര്‍ദേശപ്രകാരമാണ് പണ്ഡിറ്റുകള്‍ താഴ്‍വര വിട്ടുപോയത്. അദ്ദേഹം ഒരു ആര്‍എസ്എസ് അനുഭാവി ആയിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കു ശേഷം, പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനു പകരം ഗവര്‍ണര്‍ ജഗ്‍മോഹന്‍ ആവരോട് ആവശ്യപ്പെട്ടത് ജമ്മുവിലേക്ക് താമസം മാറ്റാനാണ്. അവിടം സുരക്ഷിതമല്ലെന്ന് കരുതിയ നിരവധി പണ്ഡിറ്റ് കുടുംബങ്ങള്‍ ഭയം കൊണ്ടാണ് താഴ്‍വര വിട്ടത്. പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാജ്യത്ത് ഒരു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള  ബിജെപിയുടെ പ്രചാരവേലയ്ക്ക് അനുയോജ്യമായിരുന്നു പണ്ഡിറ്റുകളുടെ പലായന വിഷയം. പണ്ഡിറ്റുകളുടെ വിഷയത്തില്‍ എപ്പോഴും മുതലക്കണ്ണീര്‍ ഒഴുക്കാറുള്ള ബിജെപി അധികാരത്തിലെത്തിയപ്പോഴൊന്നും അവരെ കശ്മീരിലേക്ക് തിരിച്ചുകൊണ്ടുവന്നില്ല, കോണ്‍ഗ്രസ് ആരോപിക്കുന്നു.

ALSO READ: വാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'കശ്‍മീര്‍ ഫയല്‍സ്'; ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത്

അതേസമയം കോണ്‍ഗ്രസിന്‍റെ ട്വീറ്റിനെ വിമര്‍ശിച്ച് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രാധാന്യമുള്ള ഒരു ചിത്രത്തെക്കുറിച്ച് വിവാദങ്ങള്‍ സൃഷ്‍ടിക്കുന്നവരെ ശ്രദ്ധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ അനുപം ഖേര്‍ അഭിപ്രായപ്പെട്ടു. ഈ തരത്തിലുള്ള അബദ്ധഭാഷണം കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നത് ദു:ഖകരമാണ്. കോണ്‍ഗ്രസുകാരായ, ഒരേ കുടുംബത്തില്‍ നിന്നുള്ള രണ്ട് പ്രധാനമന്ത്രിമാരെ നമുക്ക് നഷ്ടപ്പെട്ടു. തീവ്രവാദികളാലാണ് അവര്‍ കൊല്ലപ്പെട്ടത്. അതിനാല്‍ ഈ പാര്‍ട്ടിക്കാര്‍ ഈ തരത്തില്‍ സംസാരിക്കരുത്, അനുപം ഖേര്‍ പറഞ്ഞു. അതേസമയം സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. പരേഷ് റാവല്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതോടെ ദ് കശ്‍മീര്‍ ഫയല്‍സ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗുമാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'