
ബോളിവുഡ് ചിത്രം 'ദ കശ്‍മീര്‍ ഫയല്‍സ്' (The Kashmir Files) സിംഗപ്പൂരിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. സിംഗപ്പൂരിന്റെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറമാണ് ചിത്രമെന്നാണ് അധികൃതരുടെ വിലയിരുത്തലെന്ന് വാർത്താ ഏജൻസിയായ പിറ്റിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സിംഗപ്പൂരിലെ സാംസ്കാരിക-സാമൂഹിക-യുവജന മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും ഇൻഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. സിനിമ പ്രതിനിധാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ, ബഹുജാതി-മത സമൂഹത്തിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും തകർക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വിലയിരുത്തുന്നു.
Read Also: 'ദ കശ്മീർ ഫയൽസിന്' ശേഷം 'ദ ഡെൽഹി ഫയൽസ്': പുതിയ ചിത്രവുമായി വിവേക് അഗ്നിഹോത്രി
1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് ദി കശ്മീർ ഫയൽസ്. മാർച്ച് 11 നായിരുന്നു റിലീസ്. പിന്നാലെ നിരവധി വിമർശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. "ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്", എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ