വിവേക് അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' ബോക്‌സ് ഓഫീസിൽ വലിയ വിജയമായെങ്കിലും രാഷ്ട്രീയവിവാദമായിരുന്നു.
മുംബൈ: 'ദ കശ്മീർ ഫയൽസ്' എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. 'ദ ഡെൽഹി ഫയൽസ്' എന്നാണ് ചത്രിത്തിന് നൽകിയ പേര്. ചിത്രീകരണം ഉടൻ തുടങ്ങിയേക്കും. വിവേക് അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' ബോക്‌സ് ഓഫീസിൽ വലിയ വിജയമായെങ്കിലും രാഷ്ട്രീയവിവാദമായിരുന്നു. 'ദ കശ്മീർ ഫയൽസിന്റെ എല്ലാ അണിയറ പ്രവർത്തകരോടും നന്ദി പറയുന്നു. കഴിഞ്ഞ നാല് വർഷമായി, സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി കഠിനാധ്വാനം ചെയ്തു. കശ്മീരി ഹിന്ദുക്കളോട് കാണിക്കുന്ന വംശഹത്യയെയും അനീതിയെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കേണ്ടത് പ്രധാനമായിരുന്നു. എനിക്ക് പുതിയ സിനിമയിൽ പ്രവർത്തിക്കാനുള്ള സമയമായി'- അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. അതേസമയം, ദി ഡെൽഹി ഫയൽസിന്റെ ഇതിവൃത്തത്തെ സംബന്ധിച്ച് സൂചനകളൊന്നുമില്ല.
കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ദ കശ്മീർ ഫയൽസ്. അനുപം ഖേർ, പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. രാഷ്ട്രീയമായി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും 330 കോടിയിലധികം രൂപ കളക്ഷൻ നേടി. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെ ആസ്പദമാക്കി "ദ താഷ്കന്റ് ഫയൽസ്" എന്ന ചിത്രവും അഗ്നിഹോത്രി സംവിധാനം ചെയ്തു.
