
കെ എസ് ഹരിഹരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി സൈലൻ്റ് വിറ്റ്നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 'കാളച്ചേകോൻ' എന്ന ചിത്രത്തിന് ശേഷം കെ എസ് ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പുതുമുഖം മധു വെങ്ങാട്, ഷാജു കൊടിയൻ, ശിവജി ഗുരുവായൂർ, പ്രദീപ് കോഴിക്കോട്, കവിത മഞ്ചേരി, കാവ്യ പുഷ്പമംഗലം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കെ എസ് ഹരിഹരൻ തന്നെ എഴുതിയ വരികൾക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു. ആറാം ക്ലാസ് വിദ്യാർഥിനിയായ സാത്വികയാണ് ഗായിക.
ഗൗരിമിത്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മധു വെങ്ങാട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ടി എസ് ബാബു നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ വിനീഷ് നെമ്മാറ, കലാസംവിധാനം ഷിബു വെട്ടം, കോസ്റ്റ്യൂംസ് ശ്രീനി. പെരുകി വരുന്ന കുറ്റകൃത്യങ്ങളിൽ തെളിയിയ്ക്കപ്പെടാതെ പോകുന്ന വലിയ കുറ്റകൃത്യങ്ങൾക്കുപോലും ഒരു വിറ്റ്നെസ്സിനെ സമൂഹം തന്നെ എവിടെയൊ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും. ജീവിതത്തിൻ്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു നാട്ടിൻപുറത്തുകാരനായ അധ്യാപകൻ്റെ ഇടപെടലുകൾ മൂലം സത്യം പുറത്തറിയുന്നു. മാഫിയകളുടെ ശക്തമായ അക്രമണങ്ങളിൽ കുടുംബവും ജീവിതവുമൊക്കെ കൈവിട്ട് പോകുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ ഒരു ദൈവദൂതനെപോലെ കടന്നുവരുന്ന ഒരദൃശ്യ ശക്തിയുടെ വിളയാട്ടമാണ് സസ്പെൻസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഇടുക്കി, നിലമ്പൂർ, ചമ്രവട്ടം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ദി സൈലൻ്റ് വിറ്റ്നെസ് ക്രിസ്മസിന് തിയറ്ററുകളിലെത്തും. പി ആർ ഒ- എ എസ് ദിനേശ്.