'തിയറ്റര്‍ ഓഫ് ഡ്രീംസി'ന്‍റെ ഓഫീസ് ടൊവീനോ ഉദ്ഘാടനം ചെയ്‍തു; ആദ്യ ചിത്രം 'കാപ്പ'

Published : Apr 18, 2022, 10:04 AM IST
'തിയറ്റര്‍ ഓഫ് ഡ്രീംസി'ന്‍റെ ഓഫീസ് ടൊവീനോ ഉദ്ഘാടനം ചെയ്‍തു; ആദ്യ ചിത്രം 'കാപ്പ'

Synopsis

വേണുവാണ് കാപ്പയുടെ സംവിധായകന്‍

തിയറ്റര്‍ ഓഫ് ഡ്രീംസ് (Theatre of dreams) എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്‍തു. എറണാകുളം പാലാരിവട്ടത്താണ് ഓഫീസ്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിക്കുന്ന കമ്പനിയാണ് ഇത്. സംവിധായകരായ ഷാജി കൈലാസ്, സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, റാഫി, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിര്‍മ്മാതാവ് ബാദുഷ തുടങ്ങിയവര്‍ പങ്കെടുത്തു.

പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പയാണ് തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ആദ്യ ചിത്രം. മെയ് 20-ന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ടൊവീനോയെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ രണ്ടാമത്തെ സിനിമ. ഇന്‍വെസ്റ്റി​ഗേഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. ജിനു വി എബ്രഹാമിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിം​ഗ് ഷൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. പിആർഒ ശബരി.

 

അതേസമയം പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദു​ഗോപന്‍റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന നോവെല്ലയാണ് ഇത്. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. തിയറ്റര്‍ ഓഫ് ഡ്രീംസിനൊപ്പം ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ കൂടി നിര്‍മ്മാണ പങ്കാളികളാവുന്ന സിനിമയാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് മുഴുനീള കഥാപാത്രങ്ങളായി ഒരു ചിത്രത്തില്‍ ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍