സിനിമാ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി, സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നേക്കും

By Web TeamFirst Published Jan 11, 2021, 11:58 AM IST
Highlights

സംസ്ഥാനത്ത് ഉടൻ തിയറ്ററുകള്‍ തുറക്കും.

സിനിമാ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വിനോദ നികുതിയിൽ ഇളവ് നൽകണമെന്ന  ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. തിയറ്റർ തുറക്കുന്നതിൽ ഉടൻ തീരുമാനമെന്നും സിനിമാ സംഘടനകൾ. തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് നി൪മ്മാതാക്കളുടെ യോഗം കൊച്ചിയിൽ തുടങ്ങി. തിയറ്ററുകള്‍ തുറക്കാനാണ് സാധ്യതയെന്നാണ് വാര്‍ത്ത.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്‍ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു ഫിലിം ചേംബര്‍.

തമിഴ്‍നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി 13ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

click me!