
സക്കീർ മണ്ണാർമലയുടെ സംവിധാനത്തില്‍ ഈ വർഷം തിയറ്ററുകളിലെത്തിയ തെളിവ് സഹിതം എന്ന ത്രില്ലർ ചിത്രം മനോരമ മാക്സില്‍ പ്രദര്‍ശനത്തിനെത്തുന്നു. നവംബര്‍ 22 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ജൂണ്‍ 6 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. കഴിഞ്ഞ മാസം ആമസോണ്‍ പ്രൈം വീഡിയോയിലും ഈ ചിത്രം എത്തിയിരുന്നു. നിഷാന്ത് സാഗർ, മേജർ രവി, അബു സലിം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജോളി ലോനപ്പൻ നിർമിച്ച ചിത്രമാണിത്. ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. പുതുമുഖങ്ങളായ ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. എൽദോ ഐസക് ആണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
സായി ബാലൻ സംഗീതവും, അശ്വിൻ രാജ് എഡിറ്റിഗും കൈകാര്യം ചെയ്തിരിക്കുന്നു. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ. അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.