ലൂസിഫര്‍ സീരീസായി ഹിന്ദിയിലേക്ക്, വെളിപ്പെടുത്തി പൃഥ്വിരാജ്

By Web TeamFirst Published Aug 6, 2021, 2:06 PM IST
Highlights

ലൂസിഫര്‍ ഹിന്ദിയിലേക്ക് സീരിസായി എത്തിക്കാൻ നടത്തുന്ന ആലോചനകള്‍ വെളിപ്പെടുത്തി പൃഥ്വിരാജ്.
 

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ തന്റെ ആദ്യ സിനിമയായ ലൂസിഫര്‍ ഹിന്ദിയിലേക്ക് എത്തിക്കാൻ ആലോചന നടക്കുന്നുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുന്നു.

ഹിന്ദിയില്‍ ലൂസിഫറിനെ എട്ട് എപ്പിസോഡ് ഉളള മിനിസിരീസ് ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. എനിക്ക് സമയം കണ്ടെത്തുക എന്നതാണ് വെല്ലുവിളി. മറ്റൊരാള്‍ സിനിമ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്‍ടനാണ്. നമുക്ക് നോക്കാമെന്നുമാണ് പൃഥ്വിരാജ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തുടക്കത്തില്‍, ഞങ്ങള്‍ (മുരളി ഗോപിക്കൊപ്പം) ഇത് മൂന്ന് ഭാഗങ്ങളുള്ള സീരിസ് ആയിട്ടു തന്നെയാണ് ആലോചിച്ചത് എന്നും പൃഥ്വിരാജ് പറഞ്ഞു. ആദ്യ സീസണില്‍ നിന്ന് ഞങ്ങള്‍ ലൂസിഫര്‍ എന്ന ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. എംപുരാൻ എന്ന സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് പ്രഖ്യാപിച്ചത്. കൊവിഡ് കാരണമായിരുന്നു എംപുരാനെ തല്‍ക്കാലം മാറ്റിവെച്ച് മോഹൻലാലിന്റെ തന്നെ ബ്രോ ഡാഡിയിലേക്ക് പൃഥ്വിരാജ് എത്തിയത്.

ബ്രോ ഡാഡിയില്‍ കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!