
നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. അഭിനയത്തിന്റെ ആദ്യപാഠങ്ങൾ തനിക്ക് പറഞ്ഞു തന്ന തന്റെ ഗുരുനാഥനാണ് പ്രതാപ് പോത്തൻ എന്ന് നടി തെസ്‍നി ഖാൻ പറയുന്നു. പ്രതാപ് പോത്തൻ സംവിധാനം ചെയ്‍ത ഡെയ്‍സി എന്ന ചിത്രത്തിലൂടെയായിരുന്നു തെസ്‍നി ഖാന്റെ അരങ്ങേറ്റം. അദ്ദേഹത്തിന്റെ മരുമകളായി അഭിനയിച്ചതിനെ കുറിച്ചും പറഞ്ഞാണ് തെസ്‍നി ഖാൻ ആദരാഞ്‍ജലി അര്‍പ്പിക്കുന്നത് (Prathap Pothen).
തെസ്‍നി ഖാന്റെ വാക്കുകള്‍
എല്ലാവർക്കും നമസ്‍കാരം ഞാൻ ഒരുപാട് ഒരുപാട് സങ്കടത്തിലാണ് ഈ ഒരു ദിവസം. മലയാള സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിന് കാരണമായതാണ് 'ഡെയ്‍സി'/ എന്ന ചിത്രം. 1988 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്‍തത് ശ്രീ പ്രതാപ് പോത്തൻ ആയിരുന്നു. എന്റെ ആദ്യ സംവിധായകനാണ്. അഭിനയത്തിന്റെ ആദ്യപാഠങ്ങൾ എനിക്ക് പറഞ്ഞു തന്ന എന്റെ ഗുരുനാഥനാണ്. തോംസൺ ബാബുവും പ്രതാപ് പോത്തനും ആണ് എന്ന് ആദ്യമായിട്ട് 'ഡേയ്‍സി'ലേക്ക് സെലക്ട് ചെയ്യുന്നത്. അങ്ങനെയാണ് ഞാൻ മലയാള സിനിമയിലേക്ക് എത്തുന്നത്.25 വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സാറിനൊപ്പം ഒരു സിനിമ ചെയ്‍തു അദ്ദേഹത്തിന്റെ മരുമകളായി. പിന്നെ എനിക്ക് അദ്ദേഹത്തെ കാണാൻ അവസരങ്ങൾ ഉണ്ടായിരുന്നില്ല. നമ്മുടെ ആദ്യത്തെ സിനിമയുടെ സംവിധായകൻ നമ്മളെ വിട്ടു പോവുക എന്നു പറയുന്നത് ഏതൊരാൾക്കും വേദന നൽകുന്ന അനുഭവം തന്നെയാണ്.
അച്ഛനും അമ്മയ്ക്കും ഗുരുവിനും ഒപ്പം ആണ് നമ്മൾ നമ്മുടെ ആദ്യത്തെ സംവിധായകനെ കാണുന്നത്. സിനിമ എന്താണെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടത് നമുക്ക് പറഞ്ഞു തരുന്ന ആളാണ് ആദ്യ സംവിധായകൻ. എന്റെ ഗുരു തന്നെയാണ് അത്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സങ്കടം തന്നെയാണ് എനിക്ക് ഇത്. ഈ അവസരത്തിൽ ഞാൻ സാറിന്റെ ആത്മാവിന് നിത്യാജ്ഞലി നേരുകയാണ്. സ്വർഗ്ഗത്തിലേക്ക് സാറിന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു പ്രതാപ് പോത്തന്റെ അന്ത്യം. 69 വയസായിരുന്നു. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് 'ആരവ'മെന്ന സിനിമയിലൂടെ പ്രതാപ് പോത്തനെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന 'തകര' പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി. 1980 ൽ പുറത്തുവന്ന 'ലോറി', 'ചാമരം' എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.
Read More : അരങ്ങേറ്റത്തില്‍ തന്നെ ദേശീയ അവാര്‍ഡ്, സംവിധായകനായി തിളങ്ങിയ പ്രതാപ് പോത്തൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ