
ചെയ്ത വര്‍ക്ക് മോശമാണെന്ന് പറഞ്ഞ് തന്നെ പുറത്താക്കിയവര്‍ ഇപ്പോഴും സിനിമയുടെ പ്രചരണത്തിനുവേണ്ടി അതേ മെറ്റീരിയല്‍ ഉപയോഗിക്കുന്നുവെന്ന് 'മാമാങ്ക'ത്തിന്റെ ആദ്യ സംവിധായകന്‍ സജീവ് പിള്ള. താന്‍ ചിത്രീകരിച്ചതില്‍ നിന്ന് യാതൊന്നും ഉപയോഗിക്കില്ലെന്നും പേര് പോലും പുറത്തുകാണിക്കില്ലെന്നുമൊക്കെ പറഞ്ഞവരാണ് പരസ്യങ്ങളില്‍ അതേ ഇമേജുകള്‍ ഉപയോഗിക്കുന്നതെന്നും സജീവ് പിള്ള പറയുന്നു. അതില്‍ ബന്ധപ്പെട്ടവര്‍ക്ക് എന്തുകൊണ്ടാണ് നാണക്കേട് തോന്നാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 'മാമാങ്ക'ത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്ററിലെ സ്റ്റില്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് സജീവ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സജീവ് പിള്ള ചോദിക്കുന്നു
എന്റെ വര്‍ക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവര്‍ തന്നെ ഞാന്‍ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാന്‍ ആവുന്നിില്ല. എന്നെ 'പുറന്തള്ളിയ' പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാന്‍ സൃഷ്ടിച്ച അതേ ഉത്പന്നങ്ങള്‍: തിരസ്‌കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ! അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ?
പറയുന്നത് മാമാങ്കത്തെക്കുറിച്ചാണ്. ഞാന്‍ ജീവിതം കൊടുത്ത് എഴുതിയുണ്ടാക്കി, ആര്‍ട്ടിസ്റ്റ് ഡേറ്റുള്‍പ്പടെ എല്ലാം തയ്യാറാക്കി തുടങ്ങിയ പ്രൊജക്ടില്‍ നിന്നാണ് എന്നെ നികൃഷ്ടമായ ചതിയിലൂടെ പുറത്താക്കുന്നത്. എന്നെ മാത്രമല്ല, ഒപ്പം പണിയെടുത്ത രാജ്യത്തെ എറ്റവും മികച്ച നിരയില്‍പ്പെടുന്ന സാങ്കേതികവിദഗ്ദ്ധരുടേയും അഭിനേതാക്കളുടേയും ഒരു നിര കൂടി പുറത്തായി.
ഞാന്‍ ഷൂട്ട് ചെയ്തതൊക്കെയും (നിങ്ങള്‍ തന്നെ -നിര്‍മ്മാതാവും പ്രധാനഅഭിനേതാക്കളും ബന്ധപ്പെട്ട എല്ലാവരും- നിര്‍ബന്ധമായും 60 മിനിറ്റ് റഫ് കട്ട് ഉള്‍ക്കൊള്ളിക്കണം, ബാക്കി ഒന്നര മണിക്കൂര്‍ മാത്രം ഷൂട്ട് ചെയ്താല്‍ മതി എന്ന് വാശി പറഞ്ഞ ആ 72 മിനിറ്റ്) പെട്ടെന്ന് മലയാള സിനിമയിലെ ഏറ്റവും മോശമായ ഫൂട്ടേജ് ആയി മാറി. കോസ്റ്റ്യൂമും ആര്‍ട്ടും മേക്ക് അപ്പും എഡിറ്റിങ്ങും ഒന്നും നിലവാരമില്ലാത്തതാണെന്ന് എത്ര പ്രാവശ്യം ആണ് നിങ്ങളും നിങ്ങള്‍ക്ക് ഒപ്പമുള്ളവരും ആവര്‍ത്തിച്ചത്. (തട്ടിക്കൂട്ടി വികലമായ ഒരു പടം എടുക്കാനുള്ള കോംപ്രമൈസിന് വഴങ്ങാത്തതാണ് കാരണം എന്ന് കുറച്ച് പേര്‍ക്കെങ്കിലും അറിയാം.)
ഞാന്‍ ഷൂട്ട് ചെയ്തതില്‍ ഒന്നും ഉപയോഗിക്കില്ല. എന്റെ പേര് പോലും പുറത്ത് കാണില്ല, എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പക്ഷേ, എനിക്ക് മനസ്സിലാവുന്നില്ല, പിന്നെ എന്തിനാണ് ഞാന്‍ ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? ഞാന്‍ ഷൂട്ട് ചെയ്ത ഇമേജില്‍, അത് സൃഷ്ടിച്ച എല്ലാവരെയും തമസ്‌കരിച്ച്, സ്വന്തം പേരും സ്ഥാനവും എഴുതി വയ്ക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ?
അതോ, ഞാന്‍ ചെയ്തതിന് പകരം വയ്ക്കാന്‍ ''ബ്രഹ്മാണ്ഡ ഷൂട്ട്'' ഒക്കെ ചെയ്തിട്ടും ഇമേജും സ്റ്റിലും ഒന്നും വന്നില്ലേ? അത്രയും പരിതാപകരമാണോ സ്ഥിതി? ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയില്‍ ഇല്ലേ?
എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? പലതും കേള്‍ക്കുന്നു. അതുകൊണ്ടാ! ചോദിച്ചെന്നേയുള്ളൂ!
സാമ്പത്തികമായും ആര്‍ക്കും ഒന്നും പറ്റിയിട്ടുണ്ടാവില്ല. (മരടിലെ സുപ്രീം കോടതി വിധി ഇനി അങ്ങോട്ട് നമ്മുടെ നാട്ടില്‍ മറ്റൊരു കാര്യത്തേയും ബാധിക്കുകേം ഇല്ലായിരിക്കും!) മിനിമം ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റെങ്കിലും ആവുകേം പണം ഒരുപാട് വാരുകയും ചെയ്യുമായിരിക്കും! അല്ലാതെ, സ്‌ക്രിപ്റ്റും മൊത്തത്തിലും കുളമായി എല്ലാം പിടിവിട്ട് പോയി എന്നൊക്കെ ആരെങ്കിലും പറഞ്ഞുകേട്ടാലും വിശ്വസിക്കേണ്ടതില്ലല്ലോ, അല്ലേ?
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ