
പാലക്കാട്: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്‍'. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതോയില്‍ നിന്നുള്ള ചിത്രത്തിന്‍റെ സംവിധായകന്‍ ലെമോഹാങ് ജെറമിയ മൊസേസേ ആണ്. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ഉള്ളതാണ് സുവര്‍ണ്ണ ചകോരം പുരസ്‍കാരം. മികച്ച സംവിധായകനുള്ള രജത ചകോരം ബൊളീവിയന്‍ ചിത്രം 'ദി നെയിം ഓഫ് ദി ഫ്ളവേഴ്സ്' ഒരുക്കിയ ബഹ്മാന്‍ തവൂസിക്കാണ്. 3 ലക്ഷം രൂപയും മൊമന്‍റോയും അടങ്ങുന്നതാണ് പുരസ്‍കാരം. പാലക്കാട് നടന്ന സമാപനച്ചടങ്ങിലാണ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം (3 ലക്ഷം രൂപ) അര്‍ജന്‍റൈന്‍ സംവിധായകന്‍ അലഹാന്ദ്രോ ടെലമാകോ ടറാഫിനാണ്. ചിത്രം ലോണ്‍ലി റോക്ക്. മലയാള ചിത്രം 'ചുരുളി' ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്ക് രണ്ട് പുരസ്‍കാരങ്ങള്‍ ഉണ്ട്. സ്പെഷല്‍ ജൂറി പ്രൈസും മേളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവും (2 ലക്ഷം രൂപ). സുവര്‍ണ്ണ ചകോരം നേടിയ 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷനി'ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മുതിര്‍ന്ന നടി മേരി ത്വാലാ ലോംഗോയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. എണ്‍പതുകാരിയായ മേരി സിനിമയുടെ ചിത്രീകരണത്തിനു പിന്നാലെ മരണപ്പെട്ടിരുന്നു.
മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‍കി പുരസ്‍കാരം അസര്‍ബൈജാന്‍ ചിത്രം 'ഇന്‍ ബിറ്റ്‍വീന്‍ ഡൈയിംഗി'നു ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‍കി പുരസ്‍കാരം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ആന്‍ട്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' നേടി. മത്സര വിഭാഗത്തിലെ മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‍കാരം അക്ഷയ് ഇന്‍ഡികര്‍ സംവിധാനം ചെയ്‍ത മറാത്തി ചിത്രം 'സ്ഥല്‍പുരാണ്‍: ക്രോണിക്കിള്‍ ഓഫ് എ സ്പേസ്' നേടി. മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായിരുന്ന കെ ആര്‍ മോഹനന്‍റെ സ്‍മരണക്കായി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‍കാരവും അക്ഷയ് ഇന്‍ഡികര്‍ നേടി. ഒരു ഇന്ത്യന്‍ സംവിധായകന്‍റെ ആദ്യത്തെയോ രണ്ടാമത്തെയോ ചിത്രത്തിനുള്ളതാണ് ഒരു ലക്ഷം രൂപയുടെ ഈ പുരസ്‍കാരം. മികച്ച മലയാളസിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‍കാരം വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്‍ത 'മ്യൂസിക്കല്‍ ചെയറി'നും ലഭിച്ചു.
കൊറിയന്‍ സംവിധായിക കിം ഹോംഗ് ജൂന്‍ ആയിരുന്നു ജൂറി ചെയര്‍പേഴ്സണ്‍. കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന മേളയായതിനാല്‍ ചിത്രങ്ങള്‍ കണ്ട് ഓണ്‍ലൈന്‍ ആയാണ് ജൂറി ചര്‍ച്ച ചെയ്‍ത് തിരഞ്ഞെടുപ്പുകള്‍ നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന മേള തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി ആകെ 20 ദിവസങ്ങളിലാണ് നടന്നത്. സമാപനച്ചടങ്ങിലെ മുഖ്യാതിഥി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോള്‍, ഫെഫ്ക പ്രസിഡന്‍റും സംവിധായകനുമായ സിബി മലയില്‍, നിരൂപകന്‍ വി കെ ജോസഫ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര്‍ അജയന്‍ എന്നിവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ ഇപ്പോള് നടക്കുന്ന ഏറ്റവും മികച്ച ചലച്ചിത്രോത്സവമാണ് കേരളത്തിലേതെന്ന് അടൂര്‍ പറഞ്ഞു. "ഫെസ്റ്റിവല്‍ കൊണ്ട് എന്ത് പ്രയോജനമുണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം മലയാളത്തില്‍ ഭേദപ്പെട്ട സിനിമകള്‍ ഉണ്ടായിത്തുടങ്ങി എന്നതാണ്. പുതിയ ചെറുപ്പക്കാര്‍ പോലും ശ്രമങ്ങള്‍ നടത്തുന്നു. അടുത്തകാലത്ത് നാലഞ്ച് സിനിമകള്‍ കണ്ടു. വളരെ അഭിമാനത്തോടെ പറയാം നമ്മുടെ സിനിമ പുരോഗതിയുടെ പാതയിലാണ്. ചര്‍വിത ചര്‍വണം നടന്നിരുന്ന ഒരു സിനിമാമേഖല ആയിരുന്നു നമ്മുടേത്", അടൂര്‍ ഗോപാലകൃഷ്‍ണന്‍ പറഞ്ഞു.
മാധ്യമ അവാര്‍ഡില്‍ നേട്ടം കൊയ്‍ത് ഏഷ്യാനെറ്റ് ന്യൂസ്
മേളയുടെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള ദൃശ്യമാധ്യമ പുരസ്‍കാരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനാണ്. മേള സമഗ്രമായി മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്തതിന്, സമഗ്രകവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിനാണ്. മേളയുടെ മൂന്ന് പതിപ്പുകളിലും മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരങ്ങളും, രണ്ട് പതിപ്പുകളിൽ മികച്ച ക്യാമറാമാൻമാർക്കുള്ള പുരസ്കാരങ്ങളും മികച്ച റിപ്പോർട്ടിംഗിന് പ്രത്യേക ജൂറി പുരസ്കാരവും ഏഷ്യാനെറ്റ് ന്യൂസ് നേടി.
ചലച്ചിത്രമേളയുടെ തിരുവനന്തപുരം പതിപ്പിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം സഹൽ സി മുഹമ്മദിനായിരുന്നു. എറണാകുളം പതിപ്പിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് അഖില നന്ദകുമാർ അർഹയായി. മേളയുടെ തലശ്ശേരി പതിപ്പിൽ മികച്ച റിപ്പോർട്ടറായി നൗഫൽ ബിൻ യൂസഫും മികച്ച ക്യാമറാമാനായി വിപിൻ മുരളിയും പുരസ്കാരം നേടി. മേളയുടെ പാലക്കാട് പതിപ്പിലെ മികച്ച ക്യാമറാമാൻ ഷിജു അലക്സാണ്. മികച്ച റിപ്പോർട്ടർക്കുള്ള പ്രത്യേക ജൂറി പുരസ്കാരം അഞ്ജുരാജ് നേടി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ