വിനായകൻ്റെ തൊട്ടപ്പൻ എൻ്റെ പെരുന്നാൾ പൈസ: ഷാനവാസ് ബാവക്കുട്ടി

By lakshmi nmFirst Published May 28, 2019, 9:00 PM IST
Highlights

നൊറോണയുടെ കഥവായിച്ച് വിസ്മയത്തോടെ അതു തന്നെ ഓർത്തിരുന്ന നാലഞ്ചു ദിവസം തന്നെ തൊട്ടപ്പനായി വിനായകൻ സംവിധായകൻ്റെ മനസ്സിൽ കുടിയേറിയിരുന്നു. ആ ചിന്തയാണ് ശരിക്കും ഈ സിനിമക്കു തന്നെ കാരണമാകുന്നത്.

'ഈ സിനിമയിലൂടെ പ്രേക്ഷകർ ആസ്വദിക്കുന്നത് മുഖ്യമായും വിനായകൻ്റെ ആ വേഷപ്പകർച്ചയാണ്. ഇതുവരെ മലയാളി കണ്ടുപരിചയിച്ചതിൽ നിന്നും വ്യത്യസ്തനായ ഒരു വിനായകൻ. അതാണ് എനിക്ക്, ഈ സിനിമയ്ക്ക് മലയാളി പ്രേക്ഷകർക്കു കൊടുക്കാനുള്ള പെരുന്നാൾ പൈസ,' തൊട്ടപ്പൻ സിനിമയുടെ സംവിധായകനായ ഷാനവാസ് കെ. ബാവക്കുട്ടി പറഞ്ഞു. പെരുന്നാളിന് നൽകുന്ന സമ്മാനങ്ങൾക്ക് പൊന്നാനിക്കാർ സ്നേഹപൂർവ്വം വിളിക്കുന്ന പേരാണ് 'പെരുന്നാൾ പൈസ'.

ഫ്രാൻസിസ് നൊറോണയുടെ കഥ വായിച്ച് സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോഴേ തൻ്റെ മനസ്സിൽ തൊട്ടപ്പനായി വിനായകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു പറയുന്നു, ഷാനവാസ്. 'വിനായകൻ തൊട്ടപ്പനായാൽ രസമാകും എന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഫ്രാൻസിസ് നൊറോണയുമായി സംസാരിച്ചതിനു ശേഷം ഞാൻ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് വിനായകനോടാണ്. അദ്ദേഹത്തിൻ്റെ ഫ്ളാറ്റിൽ പോയി കഥയെക്കുറിച്ച് പറഞ്ഞു. അപ്പോൾ തന്നെ വിനായകൻ 'ഇത് നമ്മൾക്കു ചെയ്യാം' എന്ന് ഉറപ്പും തന്നു. അപ്പോൾ പോലും എൻ്റെ മനസ്സിൽ അല്ലാതെ ഇതൊരു പ്രൊജക്ടായിരുന്നില്ല, പ്രൊഡ്യൂസറായിട്ടില്ല, സിനിമയിലെ മറ്റു കാര്യങ്ങളിലൊന്നുപോലും എങ്ങനെ എന്നൊന്നും ആലോചിച്ചിരുന്നില്ല. വിനായകൻ ഓക്കെ പറഞ്ഞിട്ടാണ് 'തൊട്ടപ്പൻ' ഒരു പ്രൊജക്ടാവുന്നതും പ്രൊഡ്യൂസർ ഉണ്ടാവുന്നതും ഒക്കെ. പി. എസ്. റഫീഖ് തിരക്കഥ എഴുതിത്തുടങ്ങുന്നതുപോലും പിന്നീടാണ്,' ഷാനവാസ് പറയുന്നു.

നൊറോണയുടെ കഥവായിച്ച് വിസ്മയത്തോടെ അതു തന്നെ ഓർത്തിരുന്ന നാലഞ്ചു ദിവസം തന്നെ തൊട്ടപ്പനായി വിനായകൻ സംവിധായകൻ്റെ മനസ്സിൽ കുടിയേറിയിരുന്നു. ആ ചിന്തയാണ് ശരിക്കും ഈ സിനിമക്കു തന്നെ കാരണമാകുന്നത്. എന്നിട്ടാണ് ഈ കഥ തനിക്കു സിനിമയാക്കാൻ തരാമോ എന്ന് ഫ്രാൻസിസിനോട് ഷാനവാസ്   ബാവക്കുട്ടി ചോദിക്കുന്നത്.

മനുഷ്യൻ്റെ അടിസ്ഥാനം സ്നേഹമാണ് എന്നതിൽ നിന്നാണ് തൊട്ടപ്പനെന്ന കഥയും സിനിമയും ഉണ്ടാകുന്നത് എന്ന് സംവിധായകൻ പറയുന്നു. 'രക്തബന്ധത്തേക്കാൾ തീവ്രമാണ് സ്നേഹബന്ധം. ഈ കാലത്തും ഒരു പുരുഷന് ഒരു സ്ത്രീയെ, രക്തബന്ധത്തിലല്ലാത്ത ഒരു സ്ത്രീയെ നിഷ്കളങ്കമായി സ്നേഹിക്കാൻ കഴിയും എന്നത് എൻ്റെ ഉള്ളിൽ മുമ്പേയുള്ള ഒരു ബോധ്യമാണ്. ഇക്കാലത്ത് അത് ഉറക്കെ പറയേണ്ടതിൻ്റെ ആവശ്യകതയും കൂടുതലാണ്. ആ സ്നേഹകഥയാണ് തൊട്ടപ്പൻ പറയുന്നത്. എല്ലാ സാമ്പ്രദായികതകൾക്കും അപ്പുറത്തു നിന്നാണ് തൊട്ടപ്പൻ 'കുഞ്ഞാടി'നെ സ്നേഹിക്കുന്നതും വളർത്തിക്കൊണ്ടുവരുന്നതും. അതാണ് ആ കഥയിലേക്ക് എന്നെ അത്രയേറെ ആകർഷിച്ചത്. ആ തൊട്ടപ്പൻ വിനായകനായതാണ് ഈ സിനിമയുടെ സൗന്ദര്യം.' 

click me!