
ചെന്നൈ: സമീപകാലത്ത് എങ്ങും ചർച്ചകൾക്ക് വഴിവച്ച സിനിമയാണ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ്. ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു കൊടൈക്കനാലിലെ ഗുണാ കേവ്. തമിഴ്നാട്ടിലും സിനിമ വൻ ജനപ്രീതി നേടിയതോടെ കേവിലേക്ക് ആളുകൾ എത്തുന്നതിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ.
ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത്. വിവരം അറഞ്ഞെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്യുക ആയിരുന്നു. എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. റാണിപേട്ട് സ്വദേശികളായ ഇവർക്ക് ഇരുപത്തിനാല് വയസാണ് പ്രായമെന്ന് ന്യു ഇന്ത്യൻ എക്സ്പ്രെസും തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ വൻ ആവേശം തീർത്ത ചിത്രം മറ്റിടങ്ങളെക്കാൾ ഏറ്റവും കൂടുതൽ ആവേശം തമിഴ്നാട്ടിൽ നിന്നുമാണ് ലഭിച്ചത്. കളക്ഷനിലും ഇവിടെ സിനിമ മുന്നിലാണ്. നിലവിൽ കൊടൈക്കനാലിൽ ഓഫ് സീസണാണ് ഇത്. എന്നാൽ ഗുണാ കേവ് കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് സിനിമയ്ക്ക് ശേഷം ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞതായി ന്യു ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 40,000 പേരാണ് ഇവിടേക്ക് എത്തിയത് എന്നാണ് കണക്ക്.
മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നതായി വനംവകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് റേഞ്ച് (കൊടൈക്കനാൽ ഡിവിഷൻ) ഓഫീസർ ആർ സെന്തിൽ പറയുന്നു. “ഇത് ഓഫ് സീസൺ ആണെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉള്ളത്. ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കൊടൈക്കനാലും ഗുണ കേവും സന്ദർശിച്ചു കഴിഞ്ഞു. ചിത്രത്തിൻ്റെ വിജയം പരോക്ഷമായി ജില്ലാ ഭരണകൂടത്തിൻ്റെയും വനം വകുപ്പിൻ്റെയും നാട്ടുകാരുടെയും വരുമാനം വർധിപ്പിക്കുകയാണ്”, എന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ